Monday, January 27, 2014

"പുതിയതിന്റെ" പഴക്കം

"പുതിയതായി നിര്‍മ്മിച്ച വിശ്വാസപ്രമാണത്തില്‍, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചവനെന്ന പ്രയോഗം വാസ്തവത്തില്‍ ദൈവത്തെ ബഹുമാനിക്കലാണോ? 'ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വ്വശക്തന്‍' എന്നു തുടങ്ങുന്ന അര്‍ത്ഥവത്തായ വിശ്വാസപ്രമാണത്തിനു പകരമായി പുതിയതിന്റെ ആവശ്യം എന്തായിരുന്നു?" - മനോവ ഓൺലൈൻ http://www.manovaonline.com/newscontent.php?id=195#sthash.cSAbKx4M.dpu

കത്തോലിയ്ക്കാ സഭ ആദ്യമായി ഒരു വിശ്വാസപ്രമാണം തയ്യാറാക്കുന്നത് എ. ഡി 325ലെ നിഖ്യാ സൂനഹദോസിൽ വച്ചാണ്.  അന്നു നിലവിലുണ്ടായിരുന്ന അബന്ധവിശ്വാസങ്ങൾക്കെതിരെ സത്യവിശ്വാസത്തെ വിശ്വാസപ്രമാണത്തിന്റെ രൂപത്തിൽ അവതരിപ്പിയ്ക്കുകയായിരുന്നു സൂനഹദോസ് പിതാക്കന്മാർ. ഇതിനെ പിന്നീട് 381ലെ കോൺസ്റ്റന്റിനോപ്പിൾ സൂനഹദോസിൽ വച്ചു പരിഷ്കരിച്ചു. 

ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് - മലയാളം
Father Almighty, Maker of all things visible and invisible. - ഇംഗ്ലീഷ്
Πιστεύομεν εἰς ἕνα θεὸν Πατέρα παντοκράτορα, πάντων ὁρατῶν τε και ἀοράτων ποιητήν. - ഗ്രീക്ക്
Credo in unum Deum Patrem omnipoténtem, Factórem cæli et terræ, Visibílium ómnium et invisibílium - ലത്തീൻ

ഗ്രീക്കാണ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ മൂലഭാഷ. ഈ വിശ്വാസപ്രമാണമാണ് പാശ്ചാത്യവും പൗരസ്ത്യവുമായ എല്ലാ സഭകളുടേയും വിശ്വാസപ്രമാണം.  കത്തോലിയ്ക്കാ കൂട്ടായ്മയിലുള്ള സഭകളുടേയും  അതിനു പുറത്തുള്ള ഓർത്തോഡോക്സ് സഭകളുടേയും  കിഴക്കാൻ സഭയുടേയും വിശ്വാസം ഇതുതന്നെയാണ്.

അതുകൊണ്ട് ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് എന്നപ്രയോഗം പുതിയതല്ല മനോവേ അതു പഴയതാണ്. ഇതിനോട് കോസ്റ്റാന്റിനോപ്പിൾ സൂനഹദോസ്  ആകാശത്തിന്റെയും ഭൂമിയുടേയും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും എന്ന രീതിയിലേയ്ക്ക് പരിഷ്കരിയ്ക്കുകയായിരുന്നു.


പില്കാലത്ത് ലത്തീൻ സഭയി രൂപം കൊണ്ട ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന ലത്തീൻ സഭയുടെ മാമോദീസാ വിശ്വാസപ്രമാണമാണ് "ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വ്വശക്തന്‍" എന്നു മാത്രമായി ഉപയോഗിച്ചത്. 16ആം നൂറ്റാണ്ടുമുതലുള്ള വൈദേശിക അധിനിവേശത്തിന്റെ ഫലമായി ഭാരതത്തിലെ മാർ തോമാ നസ്രാണികളുടെ ഇടയിലും ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന താരതമ്യേന പുതിയ വിശ്വാസപ്രമാണം പ്രചരിപ്പിയ്ക്കപ്പെടുകയും  ദൈവമാതാവിന്റെ കൊന്ത എന്ന ലത്തീൽ ഭക്താഭ്യാസത്തിന്റെ ഭാഗമായി അത് എല്ലാ കുടുംബങ്ങളിലും ചൊല്ലിത്തുടങ്ങുകയും ചെയ്തു. 

ഇന്നും ലത്തീൻ സഭയുടേയും ഗ്രീക്ക് സഭകളൂടേയും സുറിയാനീ സഭകളൂടേയും ഔദ്യോഗിക വിശ്വാസപ്രമാണം നിഖ്യാ വിശ്വാസപ്രമാണം തന്നെയാണ്. ചുരുക്കത്തീൽ ദൃശ്യവും അദൃശ്യവുമായ സകലത്തിന്റേയും സൃഷ്ടാവ് എന്ന പ്രയോഗമാണ് കത്തോലിയ്ക്കാ സഭയുടെ അതി പുരാതനമായ പ്രയോഗം.

പുതിയതിനെ പഴയതെന്നും പഴയതിനെ പുതിയതെന്നും വിളിച്ച് വെള്ളം കലക്കുന്നത് എന്തു മീൻപിടിയ്ക്കാനാണോ?

No comments:

Post a Comment