Tuesday, February 25, 2014

കല്ദായ….കല്ദായ…കല്ദായ

ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, പേപ്പട്ടിയെ തല്ലിക്കൊല്ലുക എന്നൊരു തന്ത്രം കേട്ടിട്ടൂണ്ട്.  മനോവയുടെ  കിഴക്കിന്റെ ദുര്‍സ്സാക്ഷികളും ആദ്ധ്യാത്മിക ആഭാസങ്ങളും! http://www.manovaonline.com/newscontent.php?id=198 എന്ന പോസ്റ്റ് വായിച്ചപ്പോൾ ഓർമ്മയിലേയ്ക്ക് വന്ന പഴഞ്ചോല്ല് ഇതാണ്. പഴയനിയമത്തിലെ വിജാതീയരായ കൽദായരെ പരാമർശിയ്കുന്ന ബൈബിൾ വാക്യങ്ങളുദ്ധരിച്ച് കൽദായ സഭയേയും പൗരസ്ത്യസുറിയാനീ സഭയേയും ആക്ഷേപിയ്ക്കുകയും  റോമൻ സഭ അഥവാ ലത്തീൻ സഭ അല്ലാത്തതെല്ലാം പാഷണ്ഢതയാണെന്ന പഴയ പറങ്കി രാഷ്ട്രീയം പുതിയ കുപ്പിയിൽ അവതരിപ്പിയ്ക്കുകയുമാണ് മനോവ ചെയ്യുന്നത്.

പഴയനിയമത്തിൽ കൽദായർ എന്നു പരാമർശിച്ചിരിയ്ക്കുന്നത് വിജാതീയരാണ്. അവർ യഹൂദരെ ശതൃക്കളായി വീക്ഷിച്ചിരുന്ന ഒരു സമൂഹമായിരുന്നു.  സ്വാഭാവികമായും അവർ യഹൂദരെ പീഠിപ്പിച്ചിട്ടൂണ്ട്. വിജാതീയരായ കൽദായർ എപ്രകാരം യഹൂദരെ പീഠിപ്പിച്ചോ അതേ പോലെ വിജാതീയരായ റോമാക്കാർ യഹൂദരേയും ക്രിസ്ത്യാനികളേയും പീഠിപ്പിച്ചുണ്ട്. അതുകൊണ്ട് റോമൻ സഭ പിന്തുടരുന്നത് സഭയേയും യഹൂദരേയും പീഠിപ്പിച്ച റോമാക്കാരുടെ സംസ്കാരമാണെന്നും അതുകൊണ്ട് റോമൻ സഭയെ  ഉപേക്ഷിയ്ക്കണമെന്നും പറയുന്നത്  എന്തൊരു മൗഢ്യമായിരിയ്ക്കും.

അറമായ സംസാരിയ്ക്കുന്ന ഈശോമിശിഹായുടേയും ശ്ലീഹന്മാരുടേയും പിന്തുടർച്ച എന്നത് ജറൂസലേമിലെ സഭയാണ്. ജറൂസലേമിലെ സഭ പൂർണ്ണമായും ഒരു യഹൂദ പശ്ചാത്തലത്തിലുള്ളതായിരുന്നു.   ബാബിലോണിയാലിലെ പ്രവാസവും അതിനോടനുബന്ധിച്ച് വഴിതുറന്ന രാജ്യാന്തര കച്ചവട സാധ്യതകളും  യഹൂദരെ പേർഷ്യയിലും ഇന്ത്യയിലും  എത്തിച്ചു. മൺസൂൺ കാറ്റിനനുസരിച്ച് യാത്ര ചെയ്താൽ പേർഷ്യയിൽനിന്നും 40 ദിവസമാണ്. ഇതാണ് പൗരസ്ത്യ സുറിയാനീ സഭയുടെ പശ്ചാത്തലമായി നിലകൊണ്ട  യൂദസമൂഹം.  ജറൂസലേം ദേവാലയം നശിപ്പിയ്ക്കപ്പെടുകയും യഹൂദർ ചിതറിയ്ക്കപ്പെടുകയും ചേയ്തപ്പോൾ കൂടുതൽ യഹൂദർ  പേർഷ്യയിലേയ്ക്കും ഇന്ത്യയിലേയ്ക്കും കുടിയേറിയിട്ടൂണ്ടാവും.

മനോവ അഭിരമിയ്ക്കുന്ന ലത്തീൻ രീതികളെക്കാളും, ലത്തീൻ സഭയ്ക്ക് പിറവികോടുത്ത ഗ്രീക്ക് സഭയേക്കാളും വിജാതീയ വത്കരിയ്ക്കപ്പെടാത്ത സഭ പൗരസ്ത്യ സുറിയാനീ സഭമാത്രമാണ്. അതിനു കാരണം അത് റോമൻ - ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ വെളിയിലായിരുന്നു എന്നതാണ്.  പൗരസ്ത്യ സുറിയാനീ സഭ അഥവാ കൽദായ സഭ എന്നത് കൽദായ ദേശത്തത്ത്  അഥവാ ബാബിലോണിയൻ പ്രദേശത്ത് അഥവാ ഇന്ന് മധ്യ പൂർവ്വ ഏഷ്യ എന്നു വിളിയ്ക്കുന്ന പ്രദേശത്തൂം പേർഷ്യയിലും ഇന്ത്യയിലുമായി ചിതറിക്കിടന്ന യഹൂദരുടെ പിന്തുടർച്ച അവകാശപ്പെടാവുന്ന ഒരേയൊരു സഭയാണ്.

ഈശോ മിശിഹായും ശ്ലീഹന്മാരും കൽദായക്കാരാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല. പക്ഷേ അവർ അറമായ സംസാരിയ്ക്കുന്ന യഹൂദരായിരുന്നു. കൽദായ ദേശവുമായുള്ള അഥവാ ബാബിലോണിയായുമായുള്ള ബന്ധത്തിൽ നിന്നാണ് അറമായ അഥവാ  സുറിയാനി അവരുടെ സംസാരഭാഷ ആയത്. അവരുടെ സംസ്കാരം  ഏറ്റവും അടുത്തു പിന്തുടരുന്ന സഭ പൗരസ്ത്യ സുറിയാനി സഭയാണ്.

യഹൂദരുടെ സമയക്രമമാണ് പൗരസ്ത്യ സുറിയാനീ സഭയുടെ ആരാധനാ ദിവസത്തിന്റെ ക്രമം. യഹൂദരുടെ പെസഹായോട് ഏറ്റവും ചേർന്നു നിൽക്കുന്ന പെസഹാ ആഘോഷമാണ് മാർ തോമാ നസ്രാണികളുടെ പെസഹാ  ആഘോഷം. യഹൂദരുടെ മരണാനന്തര ചടങ്ങുകളോടും നോമ്പ്-ഉപവാസങ്ങളോടും അടുത്തുള്ള രീതിയാണ് പൗരസ്ത്യ സുറിയാനിക്കാരുടേത്.

ചരിത്രബോധമോ സാമാന്യബോധമോ ഇല്ലാത് പരസ്പര ബന്ധമില്ലാത്ത, സാമാന്യ യുക്തിയ്ക്കു നിരകാത്ത രണ്ടീനെച്ചേർത്തുവച്ച് ആടിനെ പട്ടിയാക്കുന്നത്  ആർക്കുവേണ്ടി?

എന്തിനു വേണ്ടീ?

No comments:

Post a Comment