Monday, March 31, 2014

മൗനം അപ്രസക്തമാക്കപ്പെടുമ്പോൾ

നമ്മുടെ കുർബാനയുടെ കൂദാശാഭാഗത്ത് ദീർഘമായ മൗനം ആവശ്യപ്പെടുന്ന പ്രാർത്ഥനകളുണ്ട്.  കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ഗാഹാന്ദാപ്രാർത്ഥനകൾ ചൊല്ലുമ്പോൾ ജനം മൗനമായി പ്രാർത്ഥിയ്ക്കണമെന്നാണ് പുരാതനപാരമ്പര്യം. എന്നാൽ ഇതിന്റെ സാംഗത്യം മനസിലാക്കാത്തവർ മൗനത്തെ ജനങ്ങളെ കുർബാനയ്ക്കു പുറത്തുനിർത്തുന്ന എന്തോ ആയി കണക്കാക്കുകയും ജനങ്ങളുടെ ഭാഗഭാഗിത്വം ഉറപ്പാക്കാൻ ജനങ്ങളുടെ പ്രത്യുത്തരങ്ങൾ അനിവാര്യമാണെന്നു ചിന്തിയ്ക്കുകയും ചെയ്യുന്നു. 

മ്ശംശാനയുടെ നിർദ്ദേശം
ഹൃദയം കൊണ്ടു നിങ്ങൾ പ്രാർത്ഥിയ്ക്കുവിൻ നാലാംഗഹാന്ദായ്ക്കു മുൻപും കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്കുയർത്തി നിശബ്ദരായി പ്രാർത്ഥിയ്ക്കുവാൻ രണ്ടാം ഗഹാന്ദായ്ക്കു മുൻപും മ്ശംശാന ദൈവജനത്തിനു നിർദ്ദേശം നൽകുന്നു. നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിയ്ക്കുവാൻ മ്‌ശംശാന റൂഹാക്ഷണപ്രാർത്ഥനയ്ക്കു മുൻപും ആവശ്യപ്പെടുന്നു. മദ്ബഹാ ദൈവജനത്തിൽ നിന്നും അകലെയായതിനാലും കാർമ്മികൻ പാരമ്പര്യപ്രകാരം സ്വരം താഴ്ത്തി ചൊല്ലുന്നതിനാലും ഗാഹാന്ദാവൃത്തങ്ങളിലെ കാർമ്മികന്റെ പ്രാർത്ഥനകൾ ദൈവജനത്തിന്റെ കേൾവിയോ പ്രത്യുത്തരമോ ഉദ്ദ്യേശിച്ചുള്ളതല്ല. ദൈവജനം ഭക്തിയോടെ അനുഷ്ടിയ്ക്കപ്പെടുന്ന കർമ്മങ്ങളെ വീക്ഷിച്ച് മൗനമായി പ്രാർത്ഥിയ്ക്കുകയാണ് ഈ സമയം ചെയ്യേണ്ടത്. കാരണം കൂദാശചെയ്യപ്പെടുന്നത് ഭയഭക്തിജനകമായ രഹസ്യങ്ങളാണ്.

സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ

ഭീതിജനകവും ദുഷ്കരവുമായ ഈ സന്ദർഭത്തിൽ ഈ സന്ദർഭത്തിൽ അത്യധികമായ  അവധാനതയോടുകൂടി ദൈവസന്നിധിയിൽ എല്ലാവരും നിൽക്കുന്നതിനായി ജനങ്ങളെ മുഴുവൻ ഒരുക്കുന്നതിനുള്ള പൗരോഹിത്യപരമായ നിർദ്ദേശമായി മ്ശംശാനയുടെ വാക്കുകളെ ഗബ്രിയേൽ ഖത്രായ വ്യാഖാനിയ്ക്കുന്നു.
സംസാരിയ്ക്കുന്നവൻ കല്പന ധിക്കരിയ്ക്കുകയും ലംഘിയ്ക്കുകയും ചെയ്യുന്നു. അധരങ്ങളാലല്ല പ്രാർത്ഥിയ്ക്കുന്നവൻ ഹൃദയം കൊണ്ടു പ്രാർത്ഥിയ്ക്കട്ടെ. യാചിക്കുന്നവൻ നാവുകൊണ്ടല്ലാ മനസുകൊണ്ട് കരുണയ്ക്കായി യാചിക്കട്ടെ നർസ്സേ
മോസ്സസ് ബർ കഫായുടെ വാക്കുകളിൽ ചിട്ടയോടും ഭയത്തോടും നിശബ്ദമായും നിൽക്കുന്നതിനു രണ്ടൂ കാരണങ്ങളാണ് ഉള്ളത്.  വിശുദ്ധവും ദൈവീകവുമായ രഹസ്യങ്ങൾ ശോശപ്പമാറ്റി വെളിപ്പെടുത്തുവാൻ പോവുന്നു. രണ്ടാമതായി സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും നീതിമാന്മാരുടെ ആത്മാക്കളും മാലാഖാമാരും വിശുദ്ധരഹസ്യങ്ങളെ  ദർശിയ്ക്കുവാനും ബഹുമാനിയ്ക്കുവാനും ഇറങ്ങിവരുന്നു.
ദൈവം സന്നിഹിതനാവുകയും രക്ഷിയ്ക്കപ്പെട്ടജനവുമായി ഐക്യപ്പെടുകയും ചെയ്യുന്ന സമയത്ത് നിശബ്ദത പാലിയ്ക്കണം വി.അംബ്രോസ്

സമീപകാല പ്രവണതകൾ
നാലാമത്തെ കൂശാപ്പാപ്രാർത്ഥന ഒരു മധ്യസ്ഥപ്രാർത്ഥനയാണ്. ഇതിനെ പലഭാഗങ്ങളായിത്തിരിച്ച് ഓരോന്നിന്നും കർത്താവേ ഈ കുർബാന സ്വീകരിയ്ക്കേണമേ ജനങ്ങളുടെ പ്രത്യുത്തരം ചേർക്കുവാനുള്ള ഭേദഗതി വരുത്തിയത്തിയിട്ട് അധികം കാലമായിട്ടില്ല. ഇത് മൂലത്തിൽ നിന്നുള്ള വ്യതിചലനവും അനാഫൊറയുടെ ഘടനയോട് യോജിക്കാത്തതുമാണ്. ഇങ്ങനെയൊരു വ്യതിയാനം സഭാധികാരികൾ നിർദ്ദേശിയ്ക്കുവാനുള്ള കാരണം മേല്പറഞ്ഞ മൗനത്തിനെ അർത്ഥത്തിനും സ്ഥാനത്തിനും ഉള്ള പ്രസക്തി മനസിലാക്കാതെ പോയതുകൊണ്ടാണ്.
നവീകരണപ്രസ്ഥാനങ്ങളും ഭക്താഭ്യാസങ്ങളും മുൻപോട്ടു വയ്ക്കുന്ന പ്രാർത്ഥനാ ശൈലിയും മൗനത്തിന്റേതല്ല. അതിന്റെയൊക്കെ പ്രതിഫലനം ആരാധനാക്രമങ്ങളിലേയ്ക്കും കടന്നുവരുന്നു എന്നതാണ് ഇത്തരം നിർദ്ദേശങ്ങൾ സഭാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ മനസിലാക്കുവാൻ സാധിയ്ക്കുന്നത്.

ബൈബിളിലെ മാതൃക
അതിഭാഷനമില്ലാത്ത, രഹസ്യമായ പ്രാർത്ഥനയെക്കുറീച്ച് മത്തായിയുടെ സുവിശഷത്തിൽ കാണുന്നുണ്ട്. വിജനതയിൽ പ്രാർത്ഥിയ്ക്കുന്ന കർത്താവിനെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. വാചികമല്ലാത്ത പ്രാർത്ഥനകൾ പഴയനിയമത്തിൽ പലയിടത്തും നാം കാണുന്നുണ്ട്. എല്ലാം ഹൃദയത്തിൽ സംഗ്രഹിയ്ക്കുന്ന മറിയത്തെ പുതിയനിയമം ചിത്രീകരിയ്ക്കുന്നുണ്ട്. നമ്മുടെ ദൈവം കോലാഹലത്തിന്റെ ദൈവമല്ല എന്ന് പൗലോസ് ശ്ലീഹാ ഓർമ്മിപ്പിയ്ക്കുന്നുമുണ്ട്.

പ്രാർത്ഥനയ്ക്ക് വ്യത്യസ്ഥമായ ശൈലികളുണ്ടാവാം. ഒന്നിനേയും നിഷേധിയ്ക്കുക ഈ പോസ്റ്റിന്റെ ഉദ്ദ്യേശമല്ല. പക്ഷേ പൗരസ്ത്യസുറിയാനീ ആരാധനക്രമത്തിൽ മൗനത്തിനും ഹൃദയം കൊണ്ടുള്ള പ്രാർത്ഥനകൾക്കും സ്ഥാനമുണ്ട്. ആ മൗനം ദൈവജനത്തെ നിർവ്വികാരരും, നിസംഗരും ആക്കുന്ന മൗനമല്ല, ഭയഭക്തി ആദരവുകൾ ജനിപ്പിയ്ക്കുന്നതും സജീവവുമായ മൗനം. ആ മൗനം ദൈവജനത്തെ അഭ്യസിപ്പിയ്ക്കുകയും ആ മൗനത്തിന്റെ പ്രസക്തിയെ ആരാധനാക്രമത്തിൽ നിലനിർത്തുകയും ചെയ്യുവാൻ ആരാധനാക്രമത്തിന്റെ സംരക്ഷകരായ സഭാശുശ്രൂഷകർക്ക് കടമയുണ്ട്.

No comments:

Post a Comment