Thursday, February 27, 2014

ഈശോ മിശിഹായും സുറിയാനിയും

സുറിയാനിയ്ക്ക് ഈശോ മിശിഹായുമായും ശ്ലീഹന്മാരുമായും ഒന്നും യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിയ്ക്കാൻ ചിലരെങ്കിലും ശ്രമിച്ചു കണ്ടീട്ടൂണ്ട്. ഈശോ മിശിഹായുടെ സംസാരഭാഷ അറമായ ആണെന്നതിൽ അവർക്കും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ഈശോമിശിഹായുടെ അറമായയും മാർ തോമാ നസ്രാണികളുടെ സുറിയാനിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പൊതുവേ പരിചിതമായ പദങ്ങളിലൂടെ പരിശോധിയ്ക്കാനുള്ള ശ്രമമാണ് ഈ പോസ്റ്റ്. 

മത്തായി 27:46 “ഏകദേശം ഒൻപതു മണീയായപ്പോൾ ഈശോ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു ഏൽ ഏൽ ലമ്നാ സവക്താൻ”
ഈ വാക്കുകളുടെ സുറീയാനിയിലുള്ള അർത്ഥം താഴെക്കൊടുക്കുന്നു.
ഏൽ = ദൈവം, ആലാഹാ എന്നാണ് അർത്ഥം.
ലമ്നാ = എന്തുകൊണ്ട് എന്ന് അർത്ഥം വരുന്നു.
സബക് എന്ന മൂലത്തിന് ഉപേക്ഷിയ്ക്കുക എന്നാണ് അർത്ഥം
സബക്താൻ എന്നതിന് “എന്നെ ഉപേക്ഷിച്ചു” എന്ന് അർത്ഥം വരും
അതുകൊണ്ട് ഈശോ പറഞ്ഞ അറമായയാണ് സുറിയാനി എന്നു മനസിലാക്കിക്കൂടേ?

മർക്കോസ് 5:41: അവൻ അവളുടെ കൈയ്ക്കു പിടിച്ച് തലീസാ കും എന്നു പറഞ്ഞു.
തസീസാ എന്ന വാക്കിന് സുറിയാനിയിൽ ബാലിക എന്നാണ് അർത്ഥം
കും എന്നതിന് എഴുന്നേൽക്കുക എന്നും.
അപ്പോൾ അറമായയല്ല സുറിയാനി എന്നു പറയേണ്ടതുണ്ടോ?

മറ്റൊരു പരിചിതമായ അറമായ പ്രയോഗം ഹക്കൽ ദാമ എന്നതാണ്. ഒറ്റുകാശുകൊണ്ട് വാങ്ങിയ കുശവന്റെ പറമ്പ്.
ഹക്കൽ എന്ന വാക്കിന് സുറിയാനിയിൽ വയൽ, പറമ്പ് എന്നാണ് അർത്ഥം. ദമാ എന്നത് രക്തവും. ഹക്കൽ ദ് ദമാ എന്നാണ് ശരിയായ പ്രയോഗം. പിശീത്താ ബൈബിളിൽ ഈ വാക്ക് ഉണ്ടെന്നു തോന്നുന്നില്ല. അതേ സമയം മറ്റു മൂലങ്ങളിൽ ഈ അറമായ വാക്ക് നടപടിപ്പുസ്തകത്തിൽ ഉപയോഗിച്ചിട്ടൂണ്ടെന്നു തോന്നുന്നു.

ബേസ്‌ലഹത്താണ് ഈശോ ജനിച്ചത്. ബേസ് എന്നാൽ ഭവനം എന്നും ലഹെം എന്നതിന് അപ്പം(ലഹ്‌മാ) എന്നുമാണ് അർത്ഥം സുറിയാനിയിൽ.



മറ്റൊരു പ്രയോഗം “ബർ” എന്ന പ്രയോഗമാണ്. ബർ-ആബാ (ബറാബാസ്), ബർ-തൽമായ് (ബർത്തലോമിയോ) തുടങ്ങിയ പേരുകളിൽ ഇതു കാണാം. ബർ എന്നാൽ പുത്രൻ എന്നാണ് സുറിയാനിയിൽ അർത്ഥം. അറമായയിലും.

പരിചിതമായ മറ്റു രണ്ടു സുറിയാനീ പദങ്ങളാണ് ഹല്ലേലൂയയൂം ആമ്മേനും. ഹീബ്രുവിൽ നിന്നാണ് ഈ രണ്ടു വാക്കുകളുടേയും ഉദ്ഭവം.
ഹൽ എന്ന മൂലത്തിൽ നിന്നും ഉണ്ടായതാണ് "ഹല്ലേലൂയാ" "ഹല്ലൽ" എന്ന പദങ്ങൾ. ഹല്ലൽ എന്നാൽ സ്തുതിയ്ക്കുക എന്നാണ് അർത്ഥം. ഇതേ പദം ഹീബ്രുവിലും ഉണ്ട്. "ഹല്ലൽ ഹല്ലൽ ഹല്ലൻ ഈറേ ബ്‌മൗലാദേ മൽക്കാ മിശിഹാ" (മിശിഹാരാജന്റെ ജനനത്തിൽ മാലാഖാമാർ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എന്നു പാടുന്നു) എന്ന സുറിയാനിപ്പാട്ടിലെ ഹല്ലൽ എന്ന പദം ശ്രദ്ധിയ്ക്കുക. 'ആമേൻ' നെ ക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. സുറിയാനിയ്ക്കൊപ്പം ഗ്രീക്ക് ലത്തീൻ പാരമ്പര്യങ്ങളിലും ആമ്മേൻ ഉപയോഗിയ്ക്കുന്നുണ്ട്.


അറമായ സഹസ്രാബദങ്ങളിലൂടെ വളർന്ന ഭാഷയാണ്. കാലന്തരത്തിൽ ഏതൊരു ഭാഷയ്ക്ക് സംഭവിയ്ക്കാവുന്ന മാറ്റങ്ങൾ അഥവാ വളർച്ച അറമായയ്ക്കും സംഭവിച്ചിട്ടൂണ്ട്. അബ്രാഹത്തിന്റെ അറമായയിൽ നിന്നും, മദ്ധ്യകാല അറമായയിലേയ്ക്കും അതിൽ നിന്ന് യഹൂദ അറമായയിലേയ്ക്കും. യഹൂദ അറമായയിൽ നിന്ന് ക്രിസ്ത്യൻ അറമായ ആയ സുറിയാനിയിലേയ്ക്കും വ്യത്യാസങ്ങളുണ്ട്. ലിപികളിലും വ്യത്യാസം വന്നിട്ടൂണ്ട്. സുറിയാനി തന്നെ ഉശ്ചാരണത്തിലും ലിപിയിലും വ്യത്യാസപ്പെട്ട് പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയുമുണ്ട്. പൗരസ്ത്യ സുറീയാനി തന്നെ ഒരേ ലിപിയിൽ വ്യത്യസ്ത ഉശ്ചാരണങ്ങളോടെ മദ്ധ്യേഷ്യയിലും (കൽദായ – അസ്സീറിയൻ) ഇന്ത്യയിലും (മാർ തോമാ നസ്രാണികൾ) നിലനിൽക്കുന്നുണ്ട്. ഇതൊക്കെ ഏതൊരു ഭാഷയ്ക്കും സംഭവിയ്ക്കുന്ന മാറ്റങ്ങളാണ്. അറമായയല്ല സുറിയാനി എന്നു വാദിയ്ക്കുന്നത് തികച്ചും ബാലിശമായിക്കാണാനേ നിവൃത്തിയുള്ളൂ.

No comments:

Post a Comment