Sunday, September 14, 2014

ധൂപാർപ്പണം: ചില പ്രായോഗിക ചിന്തകൾ

ശ്ലൈഹീക സഭകളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ  ആരാധനാക്രമത്തിൽ ധൂപാർപ്പണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ വൈദീകൻ തിരുവസ്ത്രങ്ങൾ അണിയുമ്പോഴും അപ്പവും വീഞ്ഞും ബേസ് ഗസ്സായിൽ സജ്ജീകരിയ്ക്കുമ്പോഴും തുടർന്ന് വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ധൂപർപ്പണം നടത്തുന്നതായി കാണാം. മ്ശംശന നടത്തേണ്ടുന്ന ധൂപാർപ്പണം അൾത്താരബാലന്മാരിലേയ്ക്ക് ഒതുങ്ങിയപ്പോൾ അതിന്റെ പ്രാധാന്യത്തിനും പ്രതീകാത്മകയ്ക്കും അതിനോട് ദൈവജനത്തിനുള്ള മനോഭാവത്തിനും ഇടിവു തട്ടിയിട്ടുണ്ട്. താഴ്ന്നപട്ടക്കാരുടെ അഭാവത്തിൽ അവരെ ഏല്പിച്ചിരിയ്ക്കുന്ന ശുശ്രൂഷ ഉയർന്നപട്ടമുള്ളവർ ഉണ്ടെങ്കിൽ അവർ തന്നെ ഏറ്റെടുക്കുന്നതു നന്നായിരിയ്ക്കും. മ്ശംശാന നടത്തേണ്ട തിരുവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം കശീശാപ്പട്ടമുള്ള പുരോഹിതരാണല്ലോ നടത്തുന്നത്. ധൂപാർപ്പണം അൾത്താരബാലന്മാർ ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് വേണ്ട ബോധവത്കരണവും, പരിശീലനവും നിരന്തരമായ തിരുത്തലുകളും കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


കുട്ടികളായിരിയ്ക്കുമ്പോൾ ധൂപക്കുറ്റി വീശുന്നത് ഒരു ഹരമായിരിയ്ക്കും. ഏറ്റവും വേഗതയിൽ വീശുവാനുള്ള മത്സരവും ഉണ്ടായെന്നും വരാം. ഈയിടെ ഒരു സഹോദരനോട് സംസാരിച്ചപ്പോൾ വേഗത്തിൽ വീശുന്നവരെയേ ധൂപം എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുകയുണ്ടായി. ഇത് ഒരു ബാല്യചാപല്യമായി കണക്കാക്കാമെങ്കിൽ കൂടി അത് ധൂപാർപ്പണം എന്ന ശുശ്രൂഷയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കുട്ടിക്കാലത്ത് അൾത്താരബാലനായിരുന്ന അവസരത്തിൽ ഞാനും ഇങ്ങനെയായിരുന്നു. അതിവേഗം ധൂപക്കുറ്റി വീശുന്നത് ഒരു ഗമയായി കരുതിയിരുന്നകാലംപള്ളിയിലെ വികാരിയായി വന്ന ജി.റ്റി. ഊന്നുകല്ലിലച്ചൻ അത് തിരുത്തുന്നതു വരെ അത് അങ്ങിനെ തുടർന്നു. അച്ചൻ അന്ന് ഭക്തിയോടെ ധൂപാർപ്പണം നടത്തണമെന്നും അതും ഒരു പ്രാർത്ഥനയാണെന്നും ഒക്കെ ഉപദേശിച്ചു. അന്ന് അതിന്റെ അർത്ഥം മനസിലാക്കുവാനുള്ള പാകത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മനസിൽ അച്ചനോട് നീരസം തോന്നുകയും ചെയ്തു. പക്ഷേ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അത് എത്രമാത്രം അർത്ഥവത്താണെന്ന് മനസിലാവുന്നുണ്ട്.

ഇതൊക്കെപ്പറയുവാൻ കാരണം ഈയിടെ ഭരണങ്ങാനത്ത് റംശായിൽ പങ്കെടുക്കുവാൻ ഇടയായതായിരുന്നു. ഏതാണ്ട് തലങ്ങും വിലങ്ങും  നെഞ്ചക്ക് എടുത്തുപെരുമാറുന്നു അഭ്യാസിയെപ്പോലെ ആയിരുന്നു ധൂപാർപ്പണം.
അതോടൊപ്പം ഒരു ഗ്രീക്ക് ഓർത്തോഡോക്സ് ലിറ്റർജിയിലെ ധൂപാർപ്പണത്തിന്റെ ഓർമ്മകളും കൂടി പങ്കുവയ്ക്കാനാഗ്രഹിയ്ക്കുന്നു. കാർമ്മികൻ ജനങ്ങളെ ധൂപിയ്ക്കുന്നതായിരുന്നു അവസരത്തിൽ സമൂഹത്തിന്റെ ഓരോ അംഗത്തെയും നോക്കി സാവധാനത്തിൽ സമയമെടുത്ത് ധൂപിയ്ക്കുന്നത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

ആരാധാനാക്രമത്തിൽ ധൂപാർപ്പണത്തിന്റെ സ്ഥാനം മനസിലാക്കി അതു നിർവ്വഹിയ്ക്കുവാൻ അൾത്താരബാലന്മാരെ ഒരുക്കുക്കേണ്ടിയിരിയ്ക്കുന്നു


No comments:

Post a Comment