Friday, November 27, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ

കേരളത്തിലെ യഹൂദക്കുടിയേറ്റവും കേരളത്തിലേയ്ക്കുള്ള തോമാശ്ലീഹായുടെ വരവും ക്രിസ്തുമതപ്രചാരണവും പരാമർശിയ്ക്കുമ്പോൾ ഒഴിവാക്കാനാവത്ത ഒരു കണ്ണിയാണ് കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ.

റോമായുമായുള്ള കച്ചവടബന്ധങ്ങൾ
ബി.സി.323-മാണ്ടിൽ അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചതിനെത്തുടർന്ന് ഗ്രീക്ക് സാമ്രാജ്യം മൂന്നായി വിഭജിയ്ക്കപ്പെട്ടു.  ഈജിപ്ത്, കാനാൻ ദേശം, പാലസ്തീനാ എന്നിവ ടോളമിയുടെ അധീനധയിലായി. സെല്യൂക്കസ് മെസപ്പോട്ടോമിയ (ഇറാക്ക്), പേർഷ്യ (ഇറാൻ),  സിറിയ എന്നിവയുടെ ഭരണകർത്താവായി.  ലിസിമാക്കസിനായിരുന്നു യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ത്രെയിസ് (ബൾഗേറിയ, ഗ്രീസ്), ഏഷ്യാമൈനർ (ടർക്കി) എന്നിവയുടെ ഭരണം. ബിസി 190 മുതൽ ഏഷ്യാമൈനറിൽ റോമൻ ഭരണം ആരംഭിച്ചു. ബി.സി 64 ൽ സെല്യൂക്കസ് സാമ്രാജ്യവും ബിസി 30 ൽ ടോളമിയുടെ സാമ്രാജ്യവും റോമൻ ഭരണത്തിനു കീഴിലായി.  ഇപ്രകാരം ഗ്രീസിന്റെ പ്രദേശങ്ങളെല്ലാം റോമൻ ഭരണത്തിന്റെ കീഴിലാവുകയും റോമാ  അറേബ്യൻ കടലുവഴിയുള്ള വാണിജ്യബന്ധം ആരംഭിയ്ക്കുകയും ചെയ്തു എന്നു വേണം അനുമാനിയ്ക്കാൻ.  മെസപ്പോട്ടോമിയായുടേയും പേർഷ്യായുടേയും നിയന്ത്രണം പേർഷ്യൻ ഉൾക്കടൽ വഴിയുള്ള വ്യാപാരബന്ധവും, ഈജിപ്തിന്റെ നിയന്ത്രണം ചെങ്കടലുവഴിയുമുള്ള വ്യാപാരബന്ധത്തെ സഹായിച്ചിരിയ്ക്കണം.  അതായത് ബിസി 64 നു ശേഷം മാത്രമായിരിയ്ക്കും കേരളവും റോമാ സാമ്രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം ആരംഭിച്ചിരിയ്ക്കുക. ഇക്കാലഘട്ടത്തിലെല്ലാം ഗ്രീക്ക് വ്യാപാരബന്ധങ്ങൾ തുടരുകയും  ചെയ്തിരിയ്ക്കും.

ഗ്രീസുമായുള്ള കച്ചവടബന്ധങ്ങൾ
അലക്സാണ്ടറിന്റെ കാലത്തോടെയാണ് ഗ്രീസ് ഏഷ്യൻ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിത്തുടങ്ങുന്നത്. ബി.സി 334 മുതൽ ബിസി 326 വരെ യുള്ള കാലഘട്ടത്തിൽ ഏഷ്യയുടെ മിക്കഭാഗങ്ങളും അലക്സാണ്ടറിന്റെ കീഴിലായി. അലക്സാണ്ടറിന്റെ കാലത്തിനു ശേഷം മാത്രമായിരിയ്ക്കും ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം തുടങ്ങുന്നത്. ഹിപ്പാലസ് കാലവർഷക്കാറ്റ് കണ്ടുപിടിച്ചതിനു ശേഷമാണ് ഗ്രീക്കുകാർ വരുവാൻ തുടങ്ങിയതെന്നു കരുതുവാനാവില്ല.  പരമ്പരാഗതമായി  ഈജിപിതുകാർക്കും അറബികൾക്കും അറിവുണ്ടായിരുന്ന കാര്യം രേഖപ്പെടുത്തുകയും കൃത്യമാക്കുകയും മാത്രമാവാം ഹിപ്പാലസ് ചെയ്തത്. അതുകൊണ്ട് ബിസി മൂന്നാം  നൂറ്റാണ്ടിന്റെ അവസാനത്തിലോ ബി.സി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം ആരംഭിച്ചു എന്നു കരുതാം. അതുവരെ ഉണ്ടായിരുന്ന പേർഷ്യയുമായും അറേബ്യയുമായുള്ള വ്യാപാരബന്ധങ്ങൾ നിലനിൽക്കുകയും  ചെയ്തിരിയ്ക്കണം.

ഗ്രീസ്-റോമൻ ബന്ധങ്ങൾക്കു മുൻപ്
ഗ്രീസിനും റോമിനും മുമ്പുള്ള കേരളത്തിന്റെ കച്ചവടബന്ധങ്ങൾ മെസൊപ്പോട്ടാമിയ, ഈജിപിത്, ഫിനീഷ്യ, ചൈന, പേർഷ്യ എന്നിവിടങ്ങളുമായിട്ടിരിയ്ക്കണം. ഇതിൽ ആരൊക്കെ നേരിട്ട് കച്ചവടം നടത്തി,  കടൽ മാർഗ്ഗമുപയോഗിച്ചുള്ള കച്ചവടം എപ്രകാരമായിരുന്നു, ആരൊക്കെ  ഹിപ്പാലസ് കാറ്റ് ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഈജിപ്തിലെ ഫറവോ ആയിരുന്ന റാംസെസ് 2 -ന്റെ (1303 BC - 1213 BC) മമ്മിയിൽ നിന്നും കേരളത്തിൽ നിന്നുള്ള കുരുമുളക് കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങൾ അക്കാലത്തേ പ്രശസ്തമായിരുന്നു എന്ന് അനുമാനിയ്ക്കാവുന്നതാണ്.

സിന്ധൂനദീതട സംസ്കൃതിയ്ക്ക് പേർഷ്യയും മെസൊപ്പൊട്ടാമിയയും ആയി കടൽ മാർഗ്ഗം വ്യാപരബന്ധങ്ങൾ ഉണ്ടായിരുന്നു. ഹാരപ്പയിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന മുദ്രകളും മണികളും തൂക്കക്കട്ടികളും മെസപ്പൊട്ടാമിയയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് കറാച്ചി, ഗുജറാത്ത്, ഗോവ, ബോംബെ, മംഗലാപുരം, കോഴിക്കോട് ഇവയെല്ലാം പഴയകാല കച്ചവടകേന്ദ്രങ്ങളായിരുന്നു.  ഹിപ്പാലസ് കാറ്റ് ഉപയോഗിച്ചിട്ടുള്ള ചെങ്കടൽ നിന്ന് അറബിക്കടലിനെ മുറിച്ചുള്ള കടൽ മാർഗ്ഗം പുതിയ കണ്ടുപിടുത്തമാണെന്ന് കരുതിയാൽ തന്നെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് കിഴക്കോട്ടും  പിന്നെ കറാച്ചി മുതൽ തെക്കോട്ടുമുള്ള കടൽ മാർഗ്ഗമുള്ള കച്ചവടം ഉണ്ടായിരുന്നിരിയ്ക്കുക സാധ്യമാണ്.  ദൈർഘമേറിയ ഈ യാത്രയെ നാല്പതു ദിവസത്തേയ്ക്ക് ചുരുക്കി എന്നതായിരിയ്ക്കും ഹിപ്പാലസിന്റെ പ്രസക്തി.

ഈജിപ്തുമായുള്ള കച്ചവടബന്ധം

ഈജിപ്തുമായി നേരിട്ട് കേരളത്തിന് വ്യാപാരബന്ധമുണ്ടായിരിന്നില്ല എന്ന് അനുമാനിയ്ക്കാം.  പശ്ചിമേഷ്യൻ കച്ചവടവും ആഫ്രിക്കൻ കച്ചവടവും സംഗമിയ്ക്കുന്ന സ്ഥലമായിരുന്നിരിയ്ക്കണം ഈജിപ്ത്.  മെസൊപ്പൊട്ടോമിയായുമായും എത്യോപ്യയുമായും അറേബ്യയുമായും ഈജിപ്തിനു കച്ചവടബന്ധമുണ്ടായിരുന്നു. ഹിപ്പാലസ് മൺസൂൺ കാറ്റ് കണ്ടുപിടിച്ചു കഴിഞ്ഞു മാത്രമായിരിയ്ക്കാം ഈജിപ്തുമായി നേരിട്ട് കച്ചവടബന്ധം ആരംഭിയ്ക്കുന്നത്. അതിനോടകം തന്നെ ഈജിപ്ത്  യഥാക്രമം പേർഷ്യ, ഗ്രീക്ക്, റോമാ അധിനിവേശങ്ങൾക്ക് വിധേയപ്പെട്ടിരുന്നു.

കേരളത്തിന്റെ റോമൻ ബന്ധങ്ങൾ  ബിസി ഒന്നാം നൂറ്റാണ്ടിലും ഗ്രീക്ക് ബന്ധം മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും മാത്രമാണ് സംഭവിച്ചത്. ഈജിപ്തുമായുള്ള ബന്ധം ഒന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് സാധ്യമാവുന്നത്. അതുവരെ പേർഷ്യ, മെസൊപ്പൊട്ടാമിയ, അറേബ്യ എന്നിവടങ്ങളുമായി മാത്രമായിരിയ്ക്കും കേരളത്തിനു ബന്ധമുണ്ടായിരുന്നത്.

No comments:

Post a Comment