Monday, December 7, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ -2

മെസൊപ്പൊട്ടാമിയൻ നാഗരികതയുമായി സിന്ധൂനദീതട നാഗരികതയ്ക്ക് ഉണ്ടായിരുന്ന കച്ചവടബന്ധങ്ങൾ ആര്യന്മാരുടെ ആക്രമണശേഷം ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്ത സിന്ധൂനദീതടവാസികൾ തുടർന്നിരിയ്ക്കണം.  ദ്രാവിഡന്മാരാണ് സിന്ധൂനദീതട വാസികൾ എന്ന് ഒരു വാദമുണ്ട്. സിന്ധൂനദീതട ലിപിയെ ദ്രാവിഡലിപിയുടെ പൂർവ്വരൂപമായാണ് ഇരവിത്താനം മഹാദേവൻ കണക്കാക്കുന്നത്. സിന്ധൂനദീതടവാസികൾക്ക്  പേർഷ്യയുമായും മെസൊപ്പൊട്ടൊമിയയുമായും കച്ചവടബന്ധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് പേർഷ്യയുമായും മെസൊപ്പൊട്ടാമിയുമായും ഉണ്ടായ വാണിജ്യബന്ധങ്ങൾ.

കേരളത്തിന്  അറബിക്കടലിന്റെ പടീഞ്ഞാറൻ തീരവുമായി കടൽ‌ മാർഗ്ഗമുള്ള വാണീജ്യപാത രണ്ടു തരത്തിലാണ്. ഒന്ന് ഏഷ്യയുടെ തീരഭാഗങ്ങളെ ചുറ്റിയുള്ള നീളം കൂടിയ പാത, രണ്ട് അറബിക്കടലിനെ മുറികൊണ്ട് ചെങ്കടലിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്കുള്ള പാത. രണ്ടാമത്തേത് ഹിപ്പാലസിന്റെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഹിപ്പാലസിനു മുൻപ് കേരളത്തിന് അറേബ്യയുമായോ ഈജിപ്തുമായോ ആഫ്രിയ്ക്കൻ രാജ്യങ്ങളുമായോ നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നില്ല എന്ന അനുമാനത്തിലെത്താം. ഈജിപിതിനും അറേബ്യായ്ക്കും ആഫ്രിയ്ക്കൻ രാജ്യങ്ങളുമായി കടൽമാർഗ്ഗമുണ്ടായിരുന്ന കച്ചവടബന്ധത്തിനു തെളിവുകളുണ് എങ്കിലും അവർക്ക് ഇന്ത്യൻ മഹാസമുദ്രം കുറുകെക്കടന്നുള്ള കച്ചവടമുണ്ടായിരുന്നതായി കരുതുവാൻ വയ്യ.  ദക്ഷിണേന്ത്യൻ വസ്തുവകകൾ പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനങ്ങൾ അവർക്ക് ലഭിച്ചത് മെസൊപ്പോട്ടാമിയായിൽ നിന്നാണ്. ചുരുക്കത്തിൽ ദക്ഷിണേയ്ക്ക് നേരിട്ട് കച്ചവമുണ്ടായിരുന്നത് പേർഷ്യയുമായും മെസൊപ്പൊട്ടാമിയായുമായും മാത്രമായിരുന്നു എന്ന അനുമാനത്തിലേയ്ക്കാണ് ഇതെത്തിയ്ക്കുന്നത്. (ചൈനയുമായുള്ള കച്ചവടബന്ധം ഇവിടെ പരിഗണിയ്ക്കുന്നില്ല)


No comments:

Post a Comment