Tuesday, October 11, 2016

കൊന്തയും ഞാനും


ജപമാല ഭക്തിയുമായി ബന്ധപ്പെട്ടും കൊന്തമാസ ആചാരണവുമായി ബന്ധപ്പെട്ടും കൊന്തയെക്കുറിച്ച് ആലങ്കാരികമായി പറയപ്പെട്ടതിനെ ചിലരൊക്കെ അക്ഷരാർത്ഥത്തിൽ വിഴുങ്ങുന്നതു കണ്ടു. കൊന്ത ചെകുത്താനെതിരെയുള്ള ആയുധമാണെന്നും കൊന്ത ചെകുത്താനെതിരെയുള്ള കോട്ടയാണെന്നുമൊക്കെ. എല്ലാം ശരിതന്നെ. കൊന്ത പിശാചിനെതിരെയുള്ള ആയുധവും കോട്ടയുമാണെങ്കിൽ മറ്റു ജപങ്ങളും അങ്ങിനെ തന്നെ; മറ്റു ഭക്താഭ്യാസങ്ങളും അങ്ങനെ തന്നെ; അതിൽ കൊന്തയ്ക്കു മാത്രമായി എന്തെങ്കിലും “അത്ഭുത ശക്തി” ഉണ്ടെന്ന് സഭ പഠിപ്പിയ്ക്കുന്നതായി എനിക്കറില്ല.

ഈ പശ്ചാത്തലത്തിലാണ് താഴെക്കൊടുത്തിരിയ്ക്കുന്ന രണ്ടു പോസ്റ്റുകൾ ഇട്ടത്. വെളിച്ചം: https://www.facebook.com/groups/syromc/permalink/1443870158962171/ ഉണർവ്വ്: https://www.facebook.com/groups/syromc/permalink/1443882988960888/  ദൈവത്തെ പ്രകാശമായും ദൈവാഭിമുഖത്തെ ഉണർന്നിരിയ്ക്കലായും ചിത്രീകരിയ്ക്കുന്ന ഒട്ടനവധി വേദപുസ്തക ഭാഗങ്ങൾ നമുക്കു കണ്ടെത്തുവാൻ കഴിയും. പിശാചിനെയും തിന്മയേയും ഇരുട്ടായും ഉറക്കമായും  ചിത്രീകരിയ്ക്കുന്ന ഭാഗങ്ങളുമുണ്ട്. കൂദാശകൾ വഴിയും കൂദാശാനുകരണങ്ങൾ വഴിയും, യാമപ്രാർത്ഥനകൾ വഴിയും, ആരാധനാക്രമ പഞ്ചാംഗം അനുസരിച്ചുള്ള മിശിഹാരഹസ്യങ്ങളുടെ ധ്യാനം വഴിയും മറ്റു ഭക്താഭ്യാസങ്ങൾ വഴിയും  നാം “പ്രകാശ”ത്തിലേയ്ക്കും ആത്മാവിനെ “ഉണർവ്വി”ലേയ്ക്കും നടക്കുമ്പോൾ  “ഇരുളും ഉറക്ക”വും അകലെ ആവുകയാണ്.

ഞാൻ ഒരു കൊന്ത വിരോധിയല്ല. കൊന്ത ചൊല്ലുന്നത് മോശമാണെന്നോ കൊന്ത ചൊല്ലാൻ പാടില്ലെന്നോ പറയാൻ മാത്രം വിഡ്ഢിയല്ല ഞാൻ. അതേ സമയം മാർ തോമാ മാർഗ്ഗത്തെ പിന്തുടരുവാൻ  ആഗ്രഹിയ്ക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു കാലത്ത് എനിയ്ക്ക് പ്രീയപ്പെട്ടതായിരുന്ന പലതിനെയും ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കൊന്തയുമുണ്ട്. അതിൽ എനിയ്ക്ക് പശ്ചാത്താപമില്ല. അതുകൊണ്ട് എന്റെ മാതാവിനോടുള്ള ഭക്തിയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ചങ്കിൽ തൊട്ടുകൊണ്ട് എനിയ്ക്ക് പറയുവാൻ കഴിയും. അതുകൊണ്ട് എനിയ്ക്ക് ഒരു കുറവും ഉടയതമ്പുരാൻ വരുത്തിയിട്ടുമില്ല. ഇനി ഒരു വേള എന്തെങ്കിലും കുറവു വന്നാലും അത് കൊന്ത ചൊല്ലാത്തതുകൊണ്ടല്ല എന്ന മനസിലാക്കുവാനും മാത്രം വ്യക്തത എന്റെ വിശ്വാസത്തിൽ എന്റെ ഗുരുക്കന്മാർ വരുത്തിയിട്ടുണ്ട്.

കൊന്തയെക്കുറിച്ചുള്ള എന്റെ അഭിപ്രായ രൂപീകരണത്തിൽ അഭിവന്ദ്യ പൗവത്തിൽ മെത്രാപ്പോലിത്തായുടെ ലേഖനങ്ങൾക്കും പണ്ഢിതനായ പാത്തിക്കുളങ്ങര അച്ചന്റെ ലേഖനങ്ങൾക്കും കൂനമ്മാക്കൽ തോമാ മല്പാന്റെ മാതൃകയ്ക്കും പങ്കുണ്ട്. ഇവരാരും കൊന്ത വിരോധികളല്ല എന്ന് എനിക്ക് തറപ്പിച്ചു പറയുവാൻ കഴിയും.

പരിശുദ്ധ കന്യാകമാതാവിന്റെ കൊന്ത എന്ന ഭക്താഭ്യാസത്തെക്കുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കുവാൻ ആഗ്രഹിയ്ക്കുന്നു. കൊന്ത എന്നത് പാശ്ചാത്യസഭയിൽ രൂപം കൊണ്ട ലത്തീൻ സഭയുടെ ആരാധനാക്രമ പഞ്ചാംഗത്തിനു യോജിച്ച രീതിയിൽ രൂപം കൊടുത്ത ഭക്താഭ്യാസമാണ്. പോർട്ടുഗീസ് അധിനിവേശകാലത്ത് ലത്തീൻ സഭ മാർ തോമാ നസ്രാണികളുടെ മേൽ നടത്തിയ അധിനിവേശത്തിന്റെ ഫലമായി മാർ തോമാ നസ്രാണികളുടെ ഇടയിലും കൊന്ത പ്രചരിച്ചു. മാർ തോമാ നസ്രാണികളുടെ മാതൃ ഭക്തികാരണവും, ആരാധനാക്രമപ്രാർത്ഥനകൾ സുറീയാനിയിലായിരുന്നതു കാരണവും സുറിയാനീഭാഷാ പഠനത്തിന് ലത്തീൻകാർ വിലക്കുകൾ സൃഷ്ടിച്ചതിനാലും കൊന്തയ്ക്ക് മാർ തോമാ നസ്രാണികളുടെ ഇടയിൽ ജനസമ്മിതി ഉണ്ടായി.

വത്തിയ്ക്കാൻ കൗൺസിലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണരേഖ ആരാധനാക്രമത്തെക്കുറിച്ച് ഉള്ളതാണ്. അതിൽ ഭക്താഭാസങ്ങളെക്കുറീച്ച് പരാമർശിയ്ക്കുന്നിടത്ത് ഇപ്രകാരം പറയുന്നുണ്ട്. “ഭക്താഭ്യാസങ്ങൾ ലിറ്റർജിയിൽ നിന്ന് ഉരുത്തിരിയുന്നതും ലിറ്റർജിയിലേയ്ക്ക് ദൈവജനത്തെ നയിയ്ക്കുന്നതും ആരാധനാക്രമ പഞ്ചാംഗവുമായി യോജിച്ചു പോകുന്നതുമാവണം. കാരണം ലിറ്റർജി ഏതു ഭക്താഭ്യാസത്തേക്കാളും ശ്രേഷ്ഠമാണ്”. മലയാളത്തിലേയ്ക്ക് തർജ്ജമചെയ്ത കൊന്തയുടെ കാര്യത്തിൽ ഇതൊന്നും പാലിയ്ക്കപ്പെട്ടിട്ടില്ല. കൊന്തയുടെ ശൈലി സീറോമലബാർ സഭയുടെ  ആരാധനാക്രമ പ്രാർത്ഥനകളുടെ ശൈലിയുമായി ചേർന്നു പോകുന്നതല്ല. കൊന്ത സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ നിന്നും ഉരുത്തിരിഞ്ഞതല്ല. കൊന്ത ആരാധനാക്രമത്തിലേയ്ക്ക് നയിയ്ക്കുന്നുമില്ല. 1986 നു ശേഷം കുർബാനയിൽ നമ്മുടെ സഭ നടത്തിയ ഒത്തുതീർപ്പുകൾക്ക് (compromise) ഉള്ള ഒരു കാരണം ഭക്താഭാസ കേന്ദ്രീകൃത ആദ്ധ്യാത്മികതയോട് ലിറ്റർജിയെ അറിഞ്ഞോ അറിയാതെയോ അനുരൂപപ്പെടുത്തുവാനുള്ള വ്യഗ്രത ആയിരുന്നു. കുർബാനയിലെ മധ്യസ്ഥ പ്രാർത്ഥന ജനങ്ങളുടെ പ്രത്യുത്തരം ചേർന്ന് കുറിച്ചു മുറിച്ച് തയ്യാറാക്കപ്പെട്ടത് കൊന്ത കേന്ദ്രീകൃതമായ ആധ്യാത്മികതയോട് അനുരൂപപ്പെട്ട  പൗരസ്ത്യസുറിയാനീ സഭയുടെ ആരാധാനാശൈലി മനസിലായിട്ടില്ലാത്ത മെത്രാന്മാരുടെ കടുംപിടുത്തം കൊണ്ടായിരുന്നു. കുർബാനയിൽ യൗസേപ്പു പിതാവിനെ പേരെടുത്ത് അനുസ്മരിയ്ക്കണമെന്ന് ഒരു വിഭാഗം വാശിപിടിച്ചതിനു പിന്നിലും ഭക്താഭ്യാസങ്ങളുടെ സ്വാധീനം തന്നെയാണ്. കൊന്ത പാശ്ചാത്യ സഭയുടെ ആരാധാനാക്രമ പഞ്ചാംഗവുമായി ബന്ധപ്പെട്ടു രൂപം കൊണ്ടതാണ്, നമ്മുടെ ആരാധനാക്രമ പഞ്ചാംഗവുമായി ഒത്തു പോകുന്നതല്ല.

അതുകൊണ്ട് നമ്മുടെ ആരാധാനാക്രമ ശൈലിയ്ക്ക് യോജിക്കാത്ത  “മാസ”ഭക്തികൾ നിരുത്സാഹപ്പെടുത്തുകയും  ആരാധനാക്രമകേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങൾ രൂപപ്പെടുത്തുകയും ചെയ്യണം. കൊന്തയെ നമ്മുടെ ആരാധനാക്രമ ശൈലിയ്ക്കും ലിറ്റർജിക്കൽ കലണ്ടറിനും യോജിച്ച രീതിയിൽ അനുരൂപപ്പെടുത്തണം. എല്ലാ ഭക്താഭ്യാസങ്ങൾക്കും ഉപരിയായി യാമപ്രാർത്ഥനകൾ കുടുംബങ്ങളുടെ പ്രാർത്ഥനയാവണം.

         വചനമാകുന്ന ദൈവത്തെ, ദൈവവചനം കൊണ്ടു തന്നെ പരീക്ഷിയ്ക്കുന്ന പിശാചിനെ നമ്മൾ വേദപുസ്തകത്തിൽ കാണുന്നുണ്ട്. പിശാചിനെ ഭയപ്പെടുത്തുന്ന സ്ലീവായെത്തന്നെ വിഭജനത്തിന്റെയും വിഭാഗീയതയുടേയും വിഷയമാക്കി പിശാച് മാറ്റിയത് നമ്മുടെ സഭയിൽ തന്നെയല്ലേ. കൊന്തയേയേയും പിശാചിന് ആയുധമാക്കുവാൻ കഴിയും. “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷിയ്ക്കണമേ” എന്നാണ് നമ്മുടെ കർത്താവ് പഠിപ്പിച്ച പ്രാർത്ഥനയിലുള്ളത്. ഈ പ്രാർത്ഥയ്ക്ക് തരാനാവാത്ത സംരക്ഷണം കൊന്തയ്ക്ക് തരാൻ കഴിയും എന്നു വാദിയ്ക്കുന്നത് അന്ധവിശ്വാസമായേ കാണുവാൻ കഴിയൂ. “ദുഷ്ട പിശാചിലും അവന്റെ സൈന്യങ്ങളിലും” നിന്നുള്ള സംരക്ഷണം എല്ലാ ആരാധനാക്രമ പ്രാർത്ഥനകളിലും നമ്മൾ യാചിക്കുന്നുണ്ട്. അവയ്ക്ക് പിശാചിൽ ഇന്നു നമ്മെ സംരക്ഷിയ്ക്കാനാവില്ലന്നും കൊന്തയ്ക്കുമാത്രമാണ് പിശാചിൽ നിന്നു നമ്മെ സംരക്ഷിയ്ക്കാനാവുന്നതെന്നും  ഒക്കെയുള്ള രീതിയിൽ വ്യാഖ്യാനങ്ങൾ പുരോഗമിയ്ക്കുന്നത് സഭയ്ക്കും ദൈവവചനത്തിനും ഒക്കെ എതിരാണെന്നു പറയേണ്ടതില്ലല്ലോ.

അതുകൊണ്ട് ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴി ഉണർവുള്ളവരായി പ്രകാശത്തിന്റെ മക്കളായി വ്യാപരിയ്ക്കാം. കൂദാശകളും കൂദാശാനുകരണങ്ങളും യാമപ്രാർത്ഥനകളും മിശിഹാരഹസ്യധ്യാനവും ഭക്താഭ്യാസങ്ങളും നമുക്ക് ശക്തിയും കോട്ടയുമായിരിയ്ക്കട്ടെ. ഭക്താഭ്യാസങ്ങളെ സംബന്ധിച്ച വത്തിയ്ക്കാൻ കൗൺസിലിന്റെ പ്രബോധനം മറക്കാതിരിയ്ക്കാം.

No comments:

Post a Comment