Friday, February 10, 2017

അനുരൂപണത്തിന്റെ ആട്ടിൻ തോല്

കോവിലെന്നാരും കരുതിപ്പോം പള്ളികൾ 
വിരിവച്ചു വേർതിരിച്ചിട്ട ശ്രീകോവിലും 
ശുദ്ധം വരുത്തുവാൻ പള്ളിക്കുളങ്ങളും 
നാടിനെ ചാലിച്ചു ചേർത്ത സ്ലീവാകളും 

കൽവിളക്കെരിയുന്ന സ്ലീവാത്തറകളെ 
ഊർവലം വയ്ക്കുന്ന ചെണ്ടപ്പെരുക്കക്കങ്ങൾ
ഊട്ട് തമുക്ക് പാച്ചോറു നേർച്ചകൾ 
കോഴിയേം മാടിനേം പള്ളിയ്ക്കു നേർന്നവർ 

ഓലക്കുരുന്നുകൊണ്ടോശാന ഞായറും 
വഴണയില മണമുള്ള ഉയർപ്പു മേളങ്ങളും 
പിറവിപ്പെരുന്നാളിനാഴി കത്തിയ്ക്കലും 
പിണ്ടിപ്പെരുന്നാളിൽ മുങ്ങിക്കുളിക്കലും

താമരയിലയിലായ് അപ്പം പൊതിഞ്ഞവർ
പുലയും പുലകുളി-ചാത്തം കഴിച്ചവർ
പട്ടുനൂലിഴയിട്ട വേളിച്ചരടിന്മേൽ
സ്ലീവായെച്ചേർത്തുള്ള താലി അണിഞ്ഞവർ

മാല്യംകരയ്ക്കു പണ്ടാര്യന്മാരെത്തിയ
കാലത്തിൻ മുൻപേ വേദം കൈക്കോണ്ടവർ
ബൗദ്ധരും ചേരരും വന്ദനം ചൊല്ലിയ
മണ്ണിന്റെ മണമുള്ള മാർഗ്ഗം ചരിച്ചവർ

ഒരുനേരം നിൽക്കലും, നോയമ്പു നോക്കലും 
ഭജന ഇരിയ്ക്കലും തീർത്ഥാടനങ്ങളും 
ദ്രാവിഡത്തനിമയോടിഴുകി സുറിയാനിയും 
അതിനൊത്ത പേരുകൾ വേഷഭൂഷാദികൾ 

മുത്തിയും മുത്തപ്പനും വല്യച്ചനും 
മാത്തനും തൊമ്മനും അന്ന മറിയാമ്മമാർ 
തമ്പുരാനേ മലങ്കരയുടേതല്ലെന്നു 
വെളിവുള്ള വല്ലോരും നിരുമിച്ചു പോകുമോ 

അനുരൂപണത്തിന്റെ തോലും പുതച്ചുകൊ- 
ണ്ടീവഴി വന്നു പോയേക്കരുതെന്നു നീ 
കൊടിമരക്കൊമ്പത്തിരിയ്ക്കുന്ന പൈങ്കിളീ 
പറങ്കികൾ അവരോടു പോയ്‌പ്പറഞ്ഞേക്കുക

1 comment: