Sunday, February 18, 2018

റമ്പാൻ പാട്ട്

റമ്പാൻ പാട്ട് എന്നത്തെ രൂപത്തിലുള്ളതിന്റെ പഴക്കം 17 ആം നൂറ്റാണ്ടിലേതാണ്. 1601ൽ മാളിയേക്കൽ തോമ്മാ റമ്പാൻ 48 ആമൻ ആണ് അത് എഴുതുന്നത്. കുറഞ്ഞപക്ഷം റമ്പാൻ പാട്ടിന്റെ 400 വർഷത്തെ പഴക്കത്തിലെങ്കിലും ആർക്കും സംശയമില്ല എന്നു കരുതട്ടെ.
പൗരസ്ത്യരുടെ (ക്രിസ്ത്യാനികൾ എന്നർത്ഥമില്ല) ഒരു ചരിത്ര രചന ഇപ്രകാരം പാട്ടുകളിലൂടെയായിരുന്നു. മഹാഭാരതമാണെങ്കിലും രാമായണമാണെങ്കിലും. ഇതിലെല്ലാം ചരിത്രമുണ്ട്, വളരെ സൂക്ഷ്മയായ ചരിത്രമുണ്ട്, അതോടൊപ്പം കൂട്ടീച്ചേർക്കലുകൾ ഉണ്ട്, തെറ്റുകൾ ഉണ്ട്. വാമൊഴിയായി പകർന്നു വരുന്ന എല്ലാ ചരിത്രത്തിലും ഇത്തരം കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട്. പക്ഷേ അതുകോണ്ട് അതിലെ ചരിത്രം ഇല്ലാതാവുന്നില്ല. ഇന്നു നാം കാണുന്ന മഹാഭാരത രൂപത്തിൽ സംസ്കൃതത്തിൽ എഴുതപ്പെടുന്നതിനു മുൻപ് പല പ്രാദേശിക ഭാഷകളിലൂടെയും മഹാഭാരതം തലമുറകളിലൂടെ സഞ്ചരിച്ചിട്ടൂണ്ട്.
റമ്പാൻ പാട്ടിലെ മൂലരൂപത്തിന് ഒന്നാം നൂറ്റാണ്ടുവരെ പഴക്കം കല്പിയ്ക്കുന്നുണ്ട്. തോമാ ശ്ലീഹായുടെ ശിഷ്യനായ മാളിയേക്കൽ തോമാ റമ്പാൻ 1 മനിൽ നിന്നു കേട്ട കഥാ വാമൊഴിയായി കൈമാറൂകയും രണ്ടാം നൂറ്റാണ്ടിൽ മാളിയേക്കൽ തോമ്മാ റമ്പാൻ രണ്ടാമൻ അത് എഴുതുകയും ചെയ്തു. അതു വാമൊഴിയായും വരമൊഴിയാലും ഭാഷാ ഭേദങ്ങളോടെ തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് കൈമാറിപ്പോന്നു.
യൂറോപ്യൻ ചരിത്ര രചനാ രീതി മാത്രമേ സ്വീകാര്യമുള്ളോ. ചരിത്രമെന്നാൽ അപ്രകാരം ആയിരിയ്ക്കണം എന്ന ചിന്താഗതി കുറഞ്ഞ പക്ഷം പണ്ഢിതരുടെ ഇടയിൽ നിന്നെങ്കിലും മാറിയിട്ടുണ്ട്. യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ കലകളിലേയ്ക്ക് പോവണം എന്ന് പലരും പറയാറുമുണ്ട്.
റമ്പാൻ പാട്ടിലെ പല ചരിത്രങ്ങളും 2 ആം നൂറ്റാണ്ടിലെ തോമായുടെ നടപടികളിൽ കാണാവുന്നതാണ്. തോമാശ്ലീഹായുടെ ചൈനയിലെ പ്രവർത്തനങ്ങളെക്കുറീച്ചു പരാമർശിയ്ക്കുന്ന ഏക കൃതിയും ഒരുപക്ഷേ റമ്പാൻ പാട്ടായിരിയ്ക്കും. ഇന്ന് ഉദ്ഘനനത്തിൽ ചൈനയിലെ വിശ്വാസത്തിന്റെ പഴമ കൂടുതൽ തെളിവുകളോടെ മുൻപിൽ നിൽക്കുന്നു. റമ്പാൻ പാട്ടിനെ ഒരു മലയാള കൃതിയായി മാത്രം എടുത്തു ചർച്ചചെയ്യുന്നവർക്ക് സംശയിയ്ക്കുവാൻ കൂടുതലുണ്ട്. പക്ഷേ തോമായുടെ നടപടികളുമായി ബന്ധപ്പെടുത്തി വായിയ്ക്കുന്നവർക്ക് അതിനെ പഴക്കം വ്യക്തമായി മനസിലാവും.
അതുകൊണ്ട് എനിയ്ക്ക് പറയുവാനുള്ള ഒരു കാര്യം ഏതെങ്കിലും ചരിത്രകാരന്മാരെ/ഗ്രന്ഥകാരന്മാരെ കണ്ണൂമടച്ച് പിൻ പറ്റാതെ, അവർ നിർത്തിയിടത്തു നിന്നു തുടരുക എന്നുള്ളതാണ്. അൻവർ അബ്ദുള്ളയുടെ ഗതി എന്ന നോവലിൽ അഗസ്ത്യൻ സഞ്ചരിച്ച പാതയിലൂടെ മരുന്നുകളെക്കുറീച്ചു പഠിയ്ക്കുവാൻ പോവുന്ന മൂന്നു കിറുക്കന്മാരായ ഡോക്ടർമ്മാരുണ്ട്. അവരുടെ ലക്ഷ്യം അഗസ്ത്യന്റെ വഴിയിലൂടെ പോവുക എന്നതു മാത്രമല്ല ആ വഴി കഴിഞ്ഞും മുൻപോട്ടൂ പോവുക എന്നതാണ്. ചരിത്രം അത്യന്ത്യം ജീവനുള്ള ഒരു ശാസ്ത്ര ശാഖയാണ്. അതിൽ നിങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും ചരിത്ര രചനകൾ നിവ്വഹിച്ചവർ ഓരോരോ പ്രകാശ ഗോപുരങ്ങളാണ്. ചിലർ പറഞ്ഞ ചരിത്രങ്ങൾ അസത്യങ്ങളായി മറ്റൊരു കാലത്ത് നിങ്ങൾക്ക് ബോധ്യപ്പെടും. ഒരിക്കൽ പരിഹസിയ്ക്കപ്പെട്ട ചരിത്ര രചനകൾക്ക് പിൽക്കാലത്ത് സ്വീകാര്യത കൈവരികയും ചെയ്തേക്കാം. അതു രണ്ടും വ്യക്തിപരമായ അവരുടെ വിജയമായോ പരാജയമായോ കാണേണ്ടതില്ല.
നമ്മുടെ മുൻപിൽ രണ്ടൂ സാധ്യതകളുണ്ട്. മുൻപേ സഞ്ചരിച്ചവർ കത്തിച്ചു വച്ച വിളക്കുകളുടെ മുൻപിൽ അങ്ങോട്ടുമിങ്ങോട്ടൂം ചാടീ നടക്കുന്ന ഈയാം പാറ്റകളാവുക എന്നുള്ളതാണ് ഒന്നാമത്തെ സാധ്യത. ആ വെട്ടത്തിൽ വെട്ടമുള്ള അത്രയും ദൂരം ആദ്യം പിന്നെ സ്വന്തമായി വെട്ടമുണ്ടാക്കി വീണ്ടും സഞ്ചരിയ്ക്കുക എന്നതാണ് രണ്ടാമത്റ്റെ സാധ്യത. ഇതിൽ ഏതുവഴി തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ മാത്രം ഇഷ്ടമാണ്.

No comments:

Post a Comment