Friday, April 3, 2020

കരുണക്കൊന്ത എന്ന ട്രോജൻ കുതിര


കരുണക്കൊന്ത കാന്റൻബറി ബിഷപ്പ് ആയിരുന്ന ആൻസലത്തിന്റെ  Satisfaction theory of atonement ന്റെ ചുവടുപിടിച്ച് ഉണ്ടായതാണ്. കുരിശിന്റെ വഴിയിലും നമുക്ക് ഈ ദൈവശാസ്ത്രം കണ്ടെത്തുവാൻ കഴിയും.
Satisfaction theory of atonement പ്രകാരം മനുഷ്യന്റെ പാപം മൂലം പിതാവിന്റെ ക്രോധം വർദ്ധിയ്ക്കുന്നു. പിതാവിന്റെ ക്രോധത്തിൽ നിന്നു പീഠാസഹനവും  കുരിശുമരണവും വഴി പുത്രൻ രക്ഷിയ്ക്കുന്നു. പാശ്ചാത്യ സഭയുടേയും പ്രൊട്ടസ്റ്റന്റ് സഭയുടേയും രക്ഷാകര സംഭവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇങ്ങനെയാണ്.

ഇതു പൗരസ്ത്യ സഭകളുടെ കാഴ്ചപ്പാടിനു നേരേ വിപരീതമാണ്. പൗരസ്ത്യ സഭകൾ പുത്രനെ നൽകുവാൻ തക്കവിധം ലോകത്തെ സ്നേഹിയ്ക്കുന്ന പിതാവിനെയും കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തുന്ന പുത്രന്റെ അനുസരണത്തെയും ദൈവത്തിന്റെ കരുണയും കൃപയുമായി കരുതുന്നു. രക്ഷാകര ചരിത്രം മുഴുവൻ നഷ്ടപ്പെട്ടുപോയ ദൈവവുമായ സാദൃശ്യം തിരിച്ചു നൽകുവാനുള്ള ദൈവത്തിന്റെ ഇടപെടലായി മനസിലാക്കുന്നു. അതുകൊണ്ടു തന്നെയാണ് അത്തനേഷ്യസ്സും പിന്നീട് ആഗസ്തീനോസും പറയുന്നത് മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായീ എന്ന്.

മനുഷ്യനെ ദൈവമാക്കുന്ന പ്രക്രിയയുടെ പേരാണ് രക്ഷാകരരഹസ്യങ്ങൾ. സഭയിലൂടെ, വിശുദ്ധ കുർബാനയിലൂടെ, കൂദാശകളിലൂടെ, കൂദാശാനുകരണങ്ങളീലൂടെ, യാമപ്രാർത്ഥനകളിലൂടെ നമ്മൾ സഭയുടെ അംഗങ്ങളായി,  ശിരസായ മിശീഹായുടെ അവയവങ്ങളായി ഈ ദൈവീകരണപ്രക്രിയയിൽ പങ്കെടുക്കുകയാണ്. മനുഷ്യനെ വിശുദ്ധീകരിച്ച് വിശുദ്ധീകരിച്ച് ദൈവമാക്കുവാനുള്ള ദൈവപദ്ധതിയാണ് രക്ഷാകര ചരിത്രം. അതുകൊണ്ടാണ് സുറിയാനിക്കാർ ഇതിനെ കൂദാശ എന്നു വിളിയ്ക്കുന്നത്.

മിശീഹാ കുർബാന സ്ഥാപിയ്ക്കുന്നത് നിന്റെ ഹൃദയത്തിലെ ഒരു ഇരുമ്പുമുറിയിൽ അല്ലെങ്കിൽ അതിലെ ഒരു സിംഹാസനത്തിൽ വന്ന് ഇരിയ്ക്കുവാനല്ല. മറിച്ച് ദൈവമായ തന്നോടു ചേർത്ത്, തന്നിൽ അലിയിച്ചു ചേർത്ത് ദൈവകൃപായാൽ നിനക്കും ദൈവത്വം പകർന്നു തരുവാനാണ്. ഈ ദൈവീകരണപ്രക്രിയ മാറ്റി നിർത്തിയാൽ കൂദാശകൾ യാന്ത്രികമായ ആചാരങ്ങളായി അവശേഷിയ്ക്കും.

ദൈവത്തിന്റെ ഛായയിലും സാദൃശത്തിലും (ഛായയുടെ സാദൃശ്യം എന്നു സുറീയാനിയിലും ആദ്യകാല സഭാപിതാക്കന്മാരുടെ രചനകളിലും) സൃഷ്ടിയ്ക്കപ്പെട്ട പറുദീസായിലെ മനുഷ്യർ ദൈവകൃപായാൽ ദൈവവുമായി ഐക്യപ്പെട്ട് (communion) ദൈവത്തെപ്പോലെ ആയിരുന്നു. പാപം ഈ സാദൃശ്യത്തെ കളങ്കപ്പെടുത്തുന്നു. രക്ഷാകര കർമ്മത്തിലൂടെ ഈശോ ഈ സാദൃശ്യം തിരിച്ചു നൽകുവാനുള്ള മാർഗ്ഗം അവനു നൽകുന്നു. ആ മാർഗ്ഗമാണ് സഭയും കൂദാശകളൂം.

ഈ പൗരസ്ത്യ ചിന്തകളുടെ ഇടയിലേയ്ക്കാണ് പൗരസ്റ്റ്യർക്ക് അന്യമായ ക്രോധത്തിന്റെ ദൈവശാസ്ത്രവുമായി കരുണക്കൊന്തയും കുരിശിന്റെ വഴിയും വരുന്നത്. പുത്രന്റെ പീഠാനുഭവങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെമേൽ കരുണയായിരിയ്ക്കണമേ എന്നാണ് കരുണക്കൊന്തയിലെ പ്രാർത്ഥന. നിന്നെ പ്രസാദിപ്പിയ്ക്കുവാൻ പുത്രന്റെ പീഠാസഹനം ധാരാളം മതിയല്ലോ എന്നാണ് കുരിശിന്റെ വഴിയിൽ. ചുരുക്കത്തൽ ആൻസലത്തിന്റെ പാശ്ചാത്യ ദൈവശാസ്ത്രത്തെ പൗരസ്ത്യസഭകളിലേയ്ക്ക് ഒളിച്ചു കടത്തുന്ന ട്രോജൻ കുതിരകളാണ് ഇത്തരം ഭക്താഭ്യാസങ്ങൾ.

No comments:

Post a Comment