Monday, January 11, 2016

നമ്മുടെ യാമനമസ്കാരങ്ങൾ

സീറോ മലബാർ സഭ ഉപയോഗിയ്ക്കുന്ന യാമനമസ്കാരങ്ങളുടെ ഉറവിടം ഫാ: പോൾ ബഡ്ജാൻ തയ്യാറാക്കിയ സുറിയാനീ യാമനമസ്കാരങ്ങളാണ്. ഇത് കൽദായ സഭയ്ക്കുവേണ്ടി സിനഡിന്റെന്റെ താത്പര്യപ്രകാരം ചെയ്തതാണ് (1853-1887). വത്തിയ്ക്കാൻ സീറോമലബാർ സഭയുടെ യാമനമസ്കാരങ്ങളുടെ ഉറവിടമായി കണക്കാക്കുന്നത് ഇതാണ്. ബഡ്ജാൻ അതുവരെ ഉണ്ടായിരുന്ന പൗരസ്ത്യ സുറിയാനി യാമനമസ്കാരങ്ങളുടെ കയ്യെഴുത്തുപ്രതികളും മറ്റും പരിശോധിച്ചാണ് ഇതു തയ്യാറാക്കിയത്.
പൗരസ്ത്യ സുറിയാനീ സഭയുടെ യാമനമസ്കാരങ്ങളെ ക്രോഡീകരിച്ചു ക്രമപ്പെടുത്തിയത് പൗരസ്ത്യസുറീയാനീ പാത്രിയർക്കീസായ ഈശോയ്യാബ് മൂന്നാമനാണ് (647-657). ഇവിടെയും മനസിലാക്കേണ്ട സംഗതി ഈശോയാബ് അല്ല ഇതൊക്കെയും രചിച്ചത് എന്നാണ്.
നമ്മുടെ കൂദാശകളിലെയും യാമനമസ്കാരങ്ങളിലെയും പ്രാർത്ഥനകൾ രചിയ്ക്കപ്പെട്ടത് സഭാപിതാക്കന്മാരാലാണ്. നിസിബസിലെ മാർ യാക്കോബ്, മാർ ശിമയോൻ ബർസബാ, മാർ അപ്രേം, നർസായി, ബാബായി എന്നിവരെല്ലാം നമ്മുടെ ദൈവാരാധനാശൈലിയുടെ ഭണ്ഢാരങ്ങളിലേയ്ക്ക് സംഭാവന നൽകിയവർ ആണ്. അതായത് വിവിധ കുർബാനക്രമങ്ങൾ നിയതരൂപത്തിലെത്തുന്ന കാലത്തുതന്നെ യാമനമസ്കാരങ്ങളൂം അതിന്റെ നിയതരൂപത്തിലെത്തി.
പോൾ ബഡ്ജാന്റെ യാമനമസ്കാരങ്ങൾ നിലവിൽ വരുന്നതിനു മുൻപു തന്നെ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ഈ രംഗത്ത് പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ലഭ്യമായ പുരാതന കയ്യെഴുത്തു പ്രതികളിൽ നിന്ന് അദ്ദേഹം യാമനമസ്കാരങ്ങളുടെ ഒരു സംഗ്രഹം തയ്യാറാക്കി. ഇത് പുത്തൻപള്ളിയിൽ നിന്നും അദ്ദേഹത്തിന്റെ മരണശേഷം 1876ൽ പ്രസിദ്ധീകരിച്ചു.
ഇന്ന് സീറോ മലബാർ സഭ റംശ (സന്ധ്യ), ലെലിയ (രാത്രി), സപ്ര (പ്രഭാത) എന്നിവ പുനരുദ്ധരിച്ച്, മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ദനഹാ സർവ്വീസ് കാലാ ദശ്‌ഹറ, ഖൂത്താ-ആ, ഏന്താന എന്നിവയും ദബ്ശാ ശായീൻ എന്ന പേരിൽ വൈകുന്നേരം മൂന്നുമണിയ്ക്കുവേണ്ടി ഒരു ക്രമവും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ സന്യാസ സമൂഹങ്ങളിലും പള്ളികളിലും വീടുകളിലും ഉപയോഗിയ്ക്കുവാനായി നിർദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത് 1986ൽ സീറോ മലബാർ ബിഷപ്സ് കോൺഫറൻസ് അംഗീകരിച്ച ഒരു ക്രമമാണ്. ഇതാണ് നിലവിൽ ഉറവിടത്തോട് വിശ്വസ്തത കാണിയ്ക്കുന്ന ക്രമം. നമ്മുടെ സഭയുടെ ദൗർഭാഗ്യം കൊണ്ട് ഇന്നും അത് എല്ലായിടത്തും എത്തിയിട്ടില്ല. ഇതിനു മുൻപ് ആബേലച്ചന്റെ ഒരു ക്രമം നിലവിലിരുന്നു. അത് സന്യാസിനികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയതായിരുന്നു. പല സന്യാസ സമൂഹങ്ങളിലും ഇപ്പോഴും അത് നിലവിലുണ്ടു താനും. അതിന്റെ ഒരു ന്യൂനത പലപ്പോഴും ഉറവിടങ്ങളോട് വിസ്തസ്തത പുലർത്തുവാൻ അതിന് ആവുന്നില്ല എന്നുള്ളതാണ്.
കൂദാശകളൂം കൂദാശാനുകരണങ്ങളും കഴിഞ്ഞാൽ പ്രാർത്ഥനകളിൽ അടുത്ത സ്ഥാനം യാമനമസ്കാരങ്ങൾക്കാണ്. അവയ്ക്ക് ഭക്താഭ്യാസങ്ങളേക്കാൾ സ്ഥാനമുണ്ടെന്ന സഭയുടെ പ്രബോധനം മുഖവിലയ്ക്കെടുക്കുവാൻ പലർക്കും ആവുന്നില്ല എന്നതാണ് നഗ്നസത്യം.

No comments:

Post a Comment