Monday, January 11, 2016

പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിജാതീയവിശ്വാസവും

കത്തോലിയ്ക്കാ സഭ നേരിടുന്ന വെല്ലുവിളി പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിശ്വാസത്തിന്റെ വിജാതീയവത്കരണവും ആണെന്നും ഞാൻ പറയും. സഭധികാരികൾ അതിനെ എത്രകണ്ട് മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. കത്തോലിയ്ക്കരാണെന്ന് അഭിമാനിയ്ക്കുന്നവരിൽ ബഹുഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് - അൽമായരും വൈദീകരുമടക്കം - ഇതാണ്. അവർ സത്യമറിയുകയോ സത്യം അന്വേഷിയ്ക്കുകയോ ചെയ്യുന്നില്ല. മസ്തിഷ്കപ്രക്ഷാളകരുടെ തലയിണമന്ത്രങ്ങൾക്ക് വശംവദരായി തങ്ങളുടേതായ കൂപങ്ങളിൽ സ്വയം ആനന്ദം കണ്ടെത്തുന്ന മണ്ഢൂകങ്ങളാണ് അത്തരക്കാർ.

 കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ശൈലിയോട് താദാത്മ്യപ്പെടുന്നവർ പിന്നീട് ചിന്തിയ്ക്കുന്നത് പ്രൊട്ടസ്റ്റന്റുകാരെപ്പോലെയാണ്. പാരമ്പര്യങ്ങളിലും റീത്തുകളിലും അവർ വിഭാഗീയതമാത്രം ദർശിയ്ക്കുന്നു. അത് കത്തോലിയ്ക്കാ സഭയ്ക്കു പുറത്തുള്ള എന്തോ ആണെന്നു ധരിയ്ക്കുന്നു. പാരമ്പര്യങ്ങളിലൂടെയും റീത്തുകളിലൂടെയും സഭ പങ്കുവച്ചു തരുന്ന മിശിഹാനുഭവത്തിൽ അവർക്കു താത്പര്യമില്ല. വ്യക്തിപരമായ അനുഭവങ്ങളും വ്യക്തിപരമായ അനുഭൂതികളുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം. സഭയുടെ പ്രബോധനങ്ങളേക്കാൾ വ്യക്തികൾക്കുണ്ടാകുന്ന അത്ഭുത ദർശനങ്ങളെ അവർ വിലമതിയ്ക്കുന്നു. സഭയുടെ ഔദ്യോഗിക രേഖകൾക്കുപരി, സഭയുടെ മതബോധനത്തിലുപരി ധ്യാനപ്രസംഗകന്റെ യുക്തിവിചാരങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിശദീകരണങ്ങൾക്കും സ്വീകാര്യത കല്പിയ്ക്കും. സഭയിലെ ദൈവാരാധനയെക്കാളും സഭയുടെ ദൈവാരാധനയെക്കാളും വ്യക്തികേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങളിൽ അഭിരമിയ്ക്കും.

 ഇതിലും അപകടകരം ഒരു പക്ഷേ വിജാതീയ ഭക്തിയാണ്. ഒരേ സമയം വിഗ്രഹാരാധനയ്ക്കെതിരെയും വിഗ്രഹാരാധനയെ അനുകൂലിച്ചും അവർ സംസാരിയ്ക്കും. ഒട്ടേറെ വിഗ്രഹങ്ങളെ അവർ തങ്ങൾ അറിയാതെ തന്നെ ചുമന്നുകൊണ്ടു നടക്കും. അവയിൽ ചിലതിനോട് അവർക്കു ഭയമാണ്. കർത്താവിന്റെ പദ്ധതിയെക്കാളുപരി ജീവിതാനുഭവങ്ങളിൽ അവർ ദൈവത്തിന്റെ ശിക്ഷയേയും രക്ഷയേയും കാണും. ഭൗതീകമായ ആവശ്യങ്ങളാണ് അവരുടെ പ്രാത്ഥനയുടെ കേന്ദ്രം. ഒരു വിശുദ്ധനിൽ നിന്നു കാര്യസാധ്യമുണ്ടാവാതെ വരുമ്പോൾ മറ്റൊരാളെപ്പിടിയ്ക്കും. കാര്യം സാധിച്ചു തരുന്നവരുടെ ശക്തിയെ അവർ സാക്ഷിയ്ക്കും. വിശുദ്ധിയെ കച്ചവടവുമായി ചേർത്ത് ചിലർക്ക് ചിലകാര്യങ്ങളെന്നു തീരുമാനിയ്ക്കും. അടുത്തുള്ള പള്ളിയെ വെടിഞ്ഞ് അകലെയുള്ള അന്തോനീസിനെ തേടിപ്പോവും. അടുത്തുള്ള മാതാവിനെ മറന്ന് അകലെയുള്ള മാതാവിനെ തേടിപ്പോവും. ഈശോ മിശീഹായുടെ ശിഷ്യനായ യൂദാശ്ലീഹായെയല്ല അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാത്തദേവൂസിനെ അവർ സ്നേഹിയ്ക്കും. കർത്താവിന്റെ വളർത്തുപിതാവായ യൗസേപ്പിനെയല്ല അത്ഭുതപ്രവർത്തകനായ യൗസേപ്പിനെയാണ് അവർക്കു താത്പര്യം. കർത്താവിന്റെ അമ്മ മറിയത്തേക്കാൾ "അപേക്ഷകളെ ഉപേക്ഷിയ്ക്കാത്ത" മറിയത്തെയാണ് താത്പര്യം.

No comments:

Post a Comment