Wednesday, November 9, 2016

വെറുതേ കളിച്ചുവച്ചു ക്ലിക്കാക്കണോ?


“വെറുതേയൊന്നു കളിച്ചുവച്ചുനോക്കിയതാ, അതങ്ങു ക്ലിക്കായി”. അടുത്ത കാലത്ത് ഒരു ഇടവകാതിർത്തിയിലെ ഒരു കുരിശടിയിൽ ആരംഭിച്ച നൊവേനയിൽ പങ്കെടുക്കാൻ അയൽപ്രദേശങ്ങളിൽനിന്നുപോലും ധാരാളം ആളുകൾ വന്നുകൂടി അതൊരു വലിയ സംഭവമായിമാറിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ വികാരിയച്ചന്റെ വായിൽനിന്നു പുറപ്പെട്ടതാണ് മുകളിൽ സൂചിപ്പിച്ച വാക്കുകൾ. അച്ചൻ അല്പം തമാശ കലർത്തി പറഞ്ഞതാണെങ്കിലും ഈ നാളുകളിൽ മത്സരബുദ്ധിയോടെ വിവിധയിടങ്ങളിൽ സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശടികളുടെയും നൊവേനകളുടെയും യഥാർത്ഥചൈതന്യം വ്യക്തമാക്കാൻ ഇതിലും നല്ലൊരു എക്സ്പ്രെഷൻ ഉണ്ടെന്നു തോന്നുന്നില്ല.

Cube, Fate, Luck, Sky, 3D, Blender

വിശ്വാസവും വിശ്വാസജീവിതശൈലിയും ഒരു പ്രത്യേക ദശാസന്ധിയിൽ എത്തിയിരിക്കുന്ന കാലഘട്ടമാണിത്. സാമൂഹികജീവിത്തിന്റെ എല്ലാ മേഖലകളിലും അപരിത്യാജ്യമായി നിലകൊള്ളുന്ന കൈക്കൂലി നല്കലും ശുപാർശ ചെയ്യിക്കലും സാവധാനം വിശ്വാസജീവിതത്തെയും സ്വാധീനിക്കുന്നുവോയെന്നു സംശയിക്കത്തക്കവിധമായിരിക്കുന്നു ചില വിശ്വാസാനുഷ്ഠാനങ്ങൾ! ദൈവത്തോടുള്ള ബന്ധത്തെ നിർവചിക്കാൻ ഇന്നത്തെ സാമൂഹികജീവിതത്തിന്റെ അളവുകോലുകൾ ഉപയോഗിക്കുമ്പോൾ ദൈവതിരുമുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും അവിടുത്തെ പ്രസാദിപ്പിച്ച് കാര്യങ്ങൾ നേടിയെടുക്കാനും മനുഷ്യനിന്ന് അത്തരത്തിലുള്ള വഴികൾതന്നെ തിരഞ്ഞെടുക്കുന്നു. പലവിധ കാരണങ്ങൾ നിരത്തി അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളെ നേർവഴിയിൽ നയിക്കാൻ കടപ്പെട്ട ഇടയന്മാരും മുമ്പിൽനിന്ന് അവരെ നയിക്കുന്നു! സർക്കാർ ഓഫീസുകളിലെ ഇടവഴികളിൽ ഉണ്ടെന്നു പറയപ്പെടുന്ന ഇടനിലക്കാരുടെ റോളുകളിൽ സഭയിലെ വിശുദ്ധരെ പ്രതിഷ്ഠിച്ച് അവർവഴി ദൈവംതമ്പുരാനിൽനിന്ന് അനുഗ്രഹങ്ങളും അനുഭവങ്ങളും നേടിയെടുക്കാൻ പരക്കംപായുന്നവരായി ഇന്ന് വിശ്വാസികൾ രൂപപ്പെട്ടുവരുന്നുണ്ടെങ്കിൽ സഭയുടെ വിശ്വാസജീവിതവഴിയിൽ വലിയ പ്രതിസന്ധി കാത്തിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം.

കേരളത്തിൽ ഏതാനും വർഷങ്ങൾമുമ്പുമാത്രം സ്ഥാപിക്കപ്പെട്ട ചില കേന്ദ്രങ്ങളിലേയ്ക്ക് ഭക്തജനപ്രവാഹം ഉണ്ടാകുന്നത് പ്രത്യേക കാര്യസാദ്ധ്യങ്ങൾക്കുവേണ്ടിയൊന്നുമല്ല, ആ വിശുദ്ധരോടുള്ള പ്രത്യേക സ്നേഹവും വണക്കവും പ്രകടിപ്പിക്കാനാണെന്നു പറഞ്ഞാൽ കേരളത്തിലെ തെരുവുനായപ്രശ്നം ഏതാനും പട്ടിവിരോധികൾ സൃഷ്ടിച്ചെടുത്ത ഊഹക്കഥകളാണെന്നു പറയുന്നതുപോലെയുള്ള മണ്ടത്തരം ആയിരിക്കും അതും. നമ്മെ മൂക്കോളം മുക്കിക്കളയുന്ന വലിയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഹാരമന്വഷിച്ച് പരക്കം പായാതിരിക്കാൻ നമുക്കാവില്ല. മനുഷ്യന്റെ ഈ നിസഹായാവസ്ഥയിൽ കൂടെനിന്ന് അവനെ രക്ഷയുടെ കച്ചിത്തുരുമ്പ് കാണിച്ചുകൊടുക്കാൻ പരിശ്രമിക്കുന്നതിനു പകരം അതിലൊരു കച്ചവടസാദ്ധ്യത കണ്ടുപിടിച്ച് അതിനുവേണ്ടി പലതും കളിച്ചുവയ്ക്കുന്ന ഇന്നത്തെ ആത്മീയ സംസ്ക്കാരം സത്യവിശ്വാസത്തിന് എത്രമാത്രം കോട്ടംവരുത്തുന്നുവെന്ന് നാം ചിന്തിക്കണം.

ഒന്നാമതായി ഇതുപോലുള്ള ശൈലികൾകൊണ്ട് ദൈവാനുഗ്രഹത്തിന്റെ ശരിയായ സ്രോതസിൽനിന്ന് വിശ്വാസികൾ അകറ്റപ്പെടുന്നു. നാം മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്ന വിശുദ്ധാത്മാക്കൾ ആ പദവിയിൽ എത്തിച്ചേരാൻ ഉപയോഗിച്ചതും ഇന്നും നമ്മുടെ അവകാശമായി സഭയിലുള്ളതുമായ വിശുദ്ധ കൂദാശകളെ ശരിയായി മനസിലാക്കുന്നതിലും അതിൽ പങ്കുചേരുന്നതിലും അതിന്റെ അത്ഭുതകരമായ ഫലങ്ങൾ അനുഭവിക്കുന്നതിലും വിശ്വാസികൾ പരാജയപ്പെടുകയാണ്. ആ വിശുദ്ധ കർമ്മങ്ങളൊക്കെ സഭയുടെ ഔദ്യോഗികമായ കാര്യങ്ങൾ, പക്ഷെ ജീവിത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ചില നൊവേനകളും പ്രത്യേക അനുഷ്ഠാനങ്ങളും വേണമെന്ന ശൈലിയിലാണ് ഇന്ന് വിശ്വാസികൾ പലരും ചിന്തിക്കുന്നത്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും നടപടികളുമാണ് ചില അജപാലകരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. അതിന്റെ ഫലമായി വി.കൂദാശകളെക്കാൾ ചില ഭക്താനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന തെറ്റായ ഒരു വിശ്വാസജീവിതശൈലി വളർന്നുവരുന്നുണ്ട് എന്നത് നാം കാണാതിരുന്നുകൂടാ.

മറ്റൊരു പ്രധാന പ്രതിസന്ധി സത്യവിശ്വാസത്തിൽ ചില കലർപ്പുകൾ കടന്നു വരുന്നു എന്നതാണ്. സഭ ചിലരെ പ്രത്യേകമായി പേരുവിളിച്ച് അൾത്താരവണക്കത്തിനു മാറ്റി നിറുത്തുന്നത് എന്തിനുവേണ്ടിയാണെന്ന ബോദ്ധ്യമില്ലാതെ സഭയെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും തെറ്റായ കാഴ്ചപ്പാടുകൾ പുലർത്തുന്നതിന്റെ ഉദാഹരണങ്ങൾ ഇന്നു ധാരാളമുണ്ട്. വിശുദ്ധരുടെ രൂപങ്ങളെ “പ്രതിഷ്ഠ”കളായി കാണുന്ന ഒരു ശൈലി അറിയാതെ വിശ്വാസത്തിൽ കടന്നു വന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സ്വന്തം ഇടവകപ്പള്ളിയിൽ ഇരിക്കുന്ന വിശുദ്ധന്റെ രൂപത്തെക്കാൾ ചില പ്രത്യേകസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന രൂപങ്ങളുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന ചിന്തയുള്ളതുകൊണ്ടല്ലേ മനുഷ്യർ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ചില പ്രത്യേക സെന്ററുകളിലേയ്ക്ക് വണ്ടിയുംപിടിച്ച് എല്ലാ ആഴ്ചയിലും പൊയ്ക്കൊണ്ടിരിക്കുന്നത്. രൂപങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലമനുസരിച്ച് അവയ്ക്ക് ‘ശക്തി’ കൂടുകയും കുറയുകയും ചെയ്യുമെന്നാണോ?! യഥാർത്ഥത്തിൽ വിശുദ്ധരുടെ രൂപങ്ങളോ അതു സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളോ ആണോ ദൈവാനുഗ്രഹത്തിന്റെ സ്രോതസ്?! വിഗ്രഹാരാധനയിലേയ്ക്കു വഴുതിവീഴാവുന്ന അവസ്ഥയിലാണ് പലരുടെയും വിശ്വാസമെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വീണ്ടും, ഇടവകകേന്ദ്രീകൃതവും ആരാധനക്രമാധിഷ്ഠിതവുമായ ഒരാത്മീയജീവിതശൈലി പൈതൃകമായി ലഭിച്ച നമ്മുടെ വിശ്വാസികളെ ഇന്ന് ഇടവകപ്പള്ളിയിൽനിന്നും ആരാധനക്രമത്തിൽനിന്നും പുറത്തേയ്ക്കിറക്കിവിടുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. ഒരു ഇടവകയിലെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ മുഴുവൻ അനുഭവങ്ങളെയും സമർപ്പിക്കേണ്ട വേദിയായി ഇടവകദൈവാലയത്തിന്റെ ബലിപീഠത്തെ അനുഭവിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിൽ അവർ ആശ്വാസവും അനുഗ്രഹവുംതേടി മറ്റുകേന്ദ്രങ്ങളിലേയ്ക്കു യാത്രയാകുന്നു.

ഈ കുറിപ്പുകൾകൊണ്ട് എന്നെ വിശുദ്ധരുടെ ശത്രുവും തീർത്ഥാടനവിരോധിയുമാക്കരുതേ. വിശുദ്ധരോടുള്ള വണക്കവും മദ്ധ്യസ്ഥപ്രാർത്ഥനയും വിശുദ്ധ സ്ഥലങ്ങളിലേയ്ക്കുള്ള തീർത്ഥാടനങ്ങളും നമ്മുടെ സഭയുടെ നല്ല പാരമ്പര്യമാണെന്നുള്ള തിരിച്ചറിവ് എനിക്കുണ്ട്. എന്നാൽ ഇവയ്ക്കൊക്കെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ചുമാത്രമാണ് ഞാൻ സൂചിപ്പിക്കുന്നത്. നമ്മുടെ പാരമ്പര്യത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ അതിന്റെ പ്രാധാന്യംകൊണ്ട് സ്വയം രൂപപ്പെട്ടുവന്നതാണ്. അവിടെ ജീവിച്ചതോ മരിച്ചതോ ആയ വിശുദ്ധ ജന്മങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് വളർന്നുവന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ അതിന് വലിയ പരസ്യബോർഡുകളോ അത്ഭുതസാക്ഷ്യങ്ങളോ ഒന്നും ആവശ്യമായിരുന്നില്ല. വിശ്വാസജീവിതത്തിനു മാതൃകയായും അത് കുറവുകൂടാതെ ജീവിക്കാനുള്ള മാദ്ധ്യസ്ഥ്യം അപേക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികൾ സ്വാഭാവികമായും അവിടേയ്ക്കു തീർത്ഥാടനങ്ങൾ നടത്തുന്നു. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ചില പ്രത്യേക ലക്ഷ്യങ്ങളോടെ പരസ്യങ്ങളുടെയും സാക്ഷ്യങ്ങളുടെയുമൊക്കെ അകമ്പടിയോടെ മത്സരബുദ്ധിയോടെ ‘കളിച്ചുവയ്ക്കുന്ന’ കേന്ദ്രങ്ങളാണ് ഇന്ന് ക്ലിക്കായിക്കൊണ്ടിരിക്കുന്നത്.
സഭയിലെ ഈ പുതിയ പ്രതിഭാസത്തിന് ന്യായീകരണമായി ചിലരെങ്കിലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ജനങ്ങൾക്ക് ഇടവകപള്ളിയിൽ ലഭിക്കാത്ത ചില പ്രത്യേക അനുഭവങ്ങളും അനുഗ്രഹങ്ങളും ഇതുപോലുള്ള സ്ഥലങ്ങളിൽനിന്നു ലഭിക്കുന്നുണ്ടെങ്കിൽപിന്നെ അതിനെ വിമർശിക്കേണ്ട ആവശ്യമുണ്ടോയെന്ന്. അതിനാൽ ഒരു വൈദികൻ എന്ന നിലയിൽ ഒരു മാപ്പപേക്ഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ഈശോയുടെ സാന്നിദ്ധ്യത്തിന്റെ തുടർച്ചയായി അവിടുന്ന് തന്നെ നല്കിയിരിക്കുന്ന വിശുദ്ധ കൂദാശകൾ വിശ്വാസികൾക്ക് ദൈവാനുഭവം പകരുന്ന വിധത്തിൽ പരികർമ്മം ചെയ്യാൻ കഴിയാത്തതിന്...

ഇടവകദൈവാലയവും അതിന്റെ ബലിപീഠവും അവിടുത്തെ ബലിയർപ്പണവുമാണ് ഇടവകയെ കുടുംബമായി രൂപപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് പകർന്നു നല്കാൻ കഴിയാത്തതിന്...

ജീവിതത്തിന്റെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമെല്ലാം അർത്ഥവും ഉത്തരവും ലഭിക്കുന്ന വിധത്തിൽ വി.കുർബാനയർപ്പണം നടത്താൻ കഴിയാത്തതിന്...
(Fr. Sebastian Muthuplackal, Eparchy of Kanjirappally)

No comments:

Post a Comment