Friday, October 20, 2017

പാശ്ചാത്യ അഭിപ്രായങ്ങൾ പൗരസ്റ്റ്യസഭകളിൽ

പാശ്ചാത്യദൈവശാസ്ത്രജ്ഞരും പാശ്ചാത്യമെത്രാന്മാരും മാർപ്പാപ്പയും പാശ്ചാത്യചിന്തകന്മാരും പറയുന്നതെല്ലാം വേദവാക്യമായി കൊണ്ടുനടക്കുന്നവരുണ്ട്. ഇവർ അവരു പറയുന്ന സാഹചര്യവും അവരുടെ പാശ്ചാത്യചുറ്റുപാടും പരിഗണിയ്ക്കുന്നില്ല എന്നതാണ് കൗതുകകരം. ഒരാൾ വിശുദ്ധനായിരുന്നു എന്നതുകൊണ്ട് അവർക്ക് തെറ്റാവരമുണ്ടാവിന്നില്ല എന്നും മനസിലാക്കേണ്ടതുണ്ട്.
ഈ പാശ്ചാത്യ പരിതസ്ഥിതി ഒരു കുറവായോ, തെറ്റായോ ചിത്രീകരിയ്ക്കുകയല്ല ഉദ്ദ്യേശം. അത് അങ്ങനെയേ സാധിയ്ക്കൂ. കത്തോലിയ്ക്കാ സഭയുടെ പൊതു രേഖകളിലും ഈ പാശ്ചാത്യ സ്വാധീനമുണ്ട്. അതു മനസിലാക്കുകയും പൗരസ്ത്യ പരിതസ്ഥിതിയിൽ അവയെ മനസിലാക്കുകയും ചെയ്യേണ്ടത് അതിന്റെ അന്തസത്തയുടെ സംരക്ഷണത്തിന് ആവശ്യമാണ്. രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളും, കത്തോലിയ്ക്കാ സഭയുടെ മതബോധനഗ്രന്ഥവും യുകാറ്റുമെല്ലാം ഈ രീതിയിലുള്ള ഒരു വായന ആവശ്യപ്പെടുന്നുണ്ട്.
യുക്യാറ്റിനെ ബന്ധപ്പെടുത്തി ഇതിന് ചില ഉദാഹരണങ്ങൾ കാണിയ്ക്കാം.
യൂക്യാറ്റ് 186 ഇൽ ആരാധനാവത്സരത്തെയാണ് പരാമർശിയ്ക്കുന്നത്. ഇവിടെ ലത്തീൻ സഭയുടെ കാലങ്ങളെയാണ് പരാമർശിയ്ക്കുന്നത്. പൗരസ്ത്യസഭയിലെ ആരാധനാവത്സരം ഇതിൽ നിന്നു വിഭിന്നമാണ്. അത് ആരാധനാസമ്പ്രദായങ്ങൾ അനുസരിച്ച് വിവിധ കലണ്ടറൂകൾ ഉണ്ടു താനും. അന്ത്യോക്യൻ കലണ്ടർ അല്ല പൗരസ്ത്യ സുറിയാനിക്കാരുടേത്, പൗരസ്ത്യ സുറീയാനി കലണ്ടറല്ല ബൈസന്റൈൻ കലണ്ടർ. പക്ഷേ യൂക്യാറ്റിൽ ലത്തീൻ സഭയുടെ കലണ്ടറാണ് പരാമർശിയ്ക്കുന്നത്. ഇവിടെ പറയുന്ന കാര്യത്തിന്റെ അന്തസത്ത എല്ലാ സഭകൾക്കും ബാധകമാണ്. പക്ഷേ ലത്തീൻ സഭയെക്കുറിച്ചാണ് പറയുന്നത് എന്നു മനസിലാകാത്തവർക്ക് സ്വന്തം സഭയുടെ സാഹചര്യത്തിൽ ഇതു സ്വീകരിയ്ക്കാനാവാതെവരും.
മറ്റൊരു ഉദാഹരണം പറയാം. യൂക്യാറ്റ് 258ൽ വൈദീകരുടേയും മെത്രാന്മാരുടേയും ബ്രഹ്മചര്യമാണ് പരാമർശവിഷയം. ഇതും ലത്തിൻ സഭയെക്കുറിച്ച് മാത്രമാണ്. പൗരസ്ത്യസഭകളുടെ കാനോൻ നിയമം വൈദീകർ വിവാഹിതരാണെന്നു പരിഗണീയ്ക്കുന്നു. Canon 285(2), Canon 352 (1),Canon 373, Canon 374, Canon 375....
മാർപ്പാപ്പാമാരുടെ നിർദ്ദേശങ്ങളിലും ഇതു കടന്നുവരാറുണ്ട്. ലത്തീൻ സഭയുടെ (റോമൻ) തലവൻ എന്ന നിലയിൽ മാർപ്പാപ്പാ ലത്തീൻ സഭയ്ക്ക് (റോമൻ) കൊടുക്കുന്ന നിർദ്ദേശങ്ങൾ ലത്തീൻ സഭയ്ക്കു മാത്രം ബാധകമാണ്, അതനുസരിയ്ക്കേണ്ട ബാധ്യത പൗരസ്ത്യർക്കില്ല. ഈ അടുത്തകാലത്തുതന്നെ യൗസേപ്പു പിതാവിനെ കുർബാനയിലെ കൂദാശയിൽ അനുസ്മരിയ്ക്കുന്നത്, സ്ത്രീകളുടെ കാലുകഴുകൽ തുടങ്ങിയവയിൽ ഈ വ്യത്യാസം നമ്മൾ കണ്ടതാണ്. അതേ സമയം കത്തോലിയ്ക്കാ സഭയുടെ കൂട്ടായ്മയുടെ തലവൻ എന്ന നിലയിൽ മാർപ്പപ്പാ പഠിപ്പിയ്ക്കുമ്പോൾ പൗരസ്ത്യർ അത് അനുസരിയ്ക്കാൻ ബാധ്യസ്ഥരാണ്. അവിടെയും അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ പലതും ലത്തീൻ സഭയുടെ സാഹചര്യത്തിലാവും.
ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ്-കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറീംഗിൽ കമ്പ്യൂട്ടർ പ്രോസസ്സർ ഘടന പഠിയ്ക്കുവാനുണ്ട്. മിക്കവാറും കൂടൂതൽ മാർക്കറ്റ് ഷെയറുള്ള ഇന്റലിന്റെ ആർക്കിടെക്ചർ ആയിരിയ്ക്കും പഠിപ്പിയ്ക്കുക. പക്ഷേ ഇന്റലിനെക്കുറിച്ചു പഠിപ്പിച്ചത് അതേപടീ മറ്റൊരു പ്രോസസ്സറീൽ ആപ്ലിക്കബിൽ അല്ല. പക്ഷേ അതിന്റെ അന്തസത്ത ഒരുപോലെയാണ്. അതുപോലെ ലത്തീൻ സഭയെ പരാമർശിച്ചു പറയുന്ന കാര്യം ലത്തീൻ സഭയെ പരാമർശിച്ചാണ് പറയുന്നതെന്നു മനസിലാക്കുവാനുള്ള വകതിരിവുണ്ടായാൽ സ്വന്തം സഭയുടെ രീതികളിലേയ്ക്ക് അതിനെ അനുരൂപപ്പെടുത്തുവാനുള്ള വിവേകം തനിയേ ഉണ്ടായിക്കോളും.

No comments:

Post a Comment