Sunday, October 22, 2017

കുർബാന - ഓർമ്മ, ഓർമ്മ-യാഥാർത്ഥ്യം, കുർബാന - പുനരവതരണം

കർത്താവിന്റെ മരണത്തിന്റെ ഓർമ്മ (1 കൊറി 11: 26), വിരുന്നും ബലിയുമായുള്ള വേർതിരിയ്ക്കാനാവാത്ത ബന്ധം, കുർബാനയിലെ "പീഠാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിയ്ക്കുവാൻ കല്പിച്ച മിശിഹാ" എന്ന പ്രാർത്ഥന ഇവയെക്കുറിച്ച് ഞാൻ പരാമർശിച്ചതാണ്.

ഇനി ചില വാദങ്ങൾക്കു മറുപടീ നൽകുവാൻ ശ്രമിയ്ക്കാം.

1. "ഇത് എന്റെ ഓർമ്മയ്ക്കായി" എന്നു പറയുമ്പോൾ ഇതു മാത്രം പോരേ ഓർമ്മ എന്തിനാ എന്ന ചോദ്യമാണ് അനൂജ് ഉയർത്തിയത്. അപ്പോൾ ഓർമ്മ വേണ്ടെ എന്ന മറു ചോദ്യമാണ് എനിയുക്കു ചോദിയ്ക്കുവാനുള്ളത്. കർത്താവിനെ നേരിട്ടു കണ്ടവരുടെ ഇടയിൽ, രക്ഷാകരപ്രവൃത്തികൾക്ക് കണ്ണുകൊണ്ടൂം കാതുകൊണ്ടും സാക്ഷ്യം വഹിച്ചവരുടെ ഇടയിൽ ഈ ദീപ്തമായ ഓർമ്മ നിലനിന്നിടത്തോളം കാലം അവരുടെ കുർബാന അർപ്പണങ്ങളിൽ അനൂജിന്റെ ഭാഷയിൽ മേശ ആചരണങ്ങളിൽ ഇന്നത്തെ രീതിയിലുള്ള വിശദീകരണങ്ങൾ പലപ്പോഴും ആവശ്യമായിരുന്നില്ല. സ്ഥാപന വിവരണവും ആവശ്യമായിരുന്നില്ല. കാലം കഴിയും തോറും ഓർമ്മകൾ മങ്ങിത്തുടങ്ങുന്ന ഓർമ്മകളെ ആവർത്തിച്ചുറപ്പിയ്ക്കുക അനിവാര്യവുമാവുന്നു.

ഈ പെസഹായോടൂ ചേർന്നുള്ള ഓർമ്മ ആചരണം ഈശോ പുതിയതായി ചേർത്തതല്ല. പഴയനിയമത്തിലെ രക്ഷയുടെ നിഴലിനെ മിശിഹായിലെ പൂർണ്ണമായ രക്ഷകൊണ്ട് പൂർത്തികരിയ്ക്കുകയാണ് പുതിയ നിയമത്തിൽ. പഴയനിയമ ബലിയുടെ പശ്ചാത്തലത്തിൽ പുതിയ നിയമ ബലി- കർത്താവിന്റെ ബലിയെ വ്യാഖ്യാനിയ്ക്കുന്ന എബ്രായലേഖനഭാഗം ഇവിടെ ഉത്ഥരിയ്ക്കുന്നില്ല. പഴയ നിയമ പെസഹാ ആചരണത്തിലും ഈ ഓർമ്മ പ്രസക്തമാണ്. പഴയനിയമ പെസഹായുടെ ഓർമ്മകൊണ്ടാടുവാനുള്ള കല്പന പുറപ്പാട് 12:14 ഇൽ നാം വായിയ്ക്കുന്നുണ്ട്. ഈ ഓർമ്മയുടെ വിശദീകരണം പുറപ്പാട് 13:14 മുതൽ പറയുന്നുണ്ട്.

"കർത്താവിന്റെ ഓർമ്മ"യാണു പെസഹ, അതു രക്ഷാകരപ്രവൃത്തികളുടെ ഓർമ്മയാണ്. രക്ഷാകരപ്രവൃത്തികൾ മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള പ്രവൃത്തികളാണ്. അതിൽ ഏതെങ്കിലും ഒരെണ്ണം എടുത്ത് മറ്റുള്ളവയ്ക്കു മുകളിൽ വയ്ക്കാനാവില്ല. കത്താവിന്റെ രക്ഷാകരപ്രവൃത്തികളുടെ സാംഗത്യം മനസിലാവണമെങ്കിൽ മനുഷ്യന്റെ നഷ്ടപ്പെട്ട മഹത്വത്തെ മനസിലാക്കണം, അതു ആദി പാപത്തിന്റെ ഫലമായി തിന്മലോകത്തിൽ പ്രവേശിയ്ക്കുന്നിടത്ത് തുടങ്ങുന്നു. ഇത് മൂന്നാം ഗ്‌ഹാന്ദയിൽ പരാമർശിയ്ക്കുന്നുണ്ട്. "മൃതരായ ഞങ്ങളെ ജീവിപ്പിച്ചു, പാപികളായ ഞങ്ങളുടെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു, ഇരുളടഞ്ഞ ബുദ്ധിയ്ക്കു പ്രകാശം നൽകി, ശത്രുക്കളെ പരാജിതരാക്കി, ബലഹീനമായ പ്രകൃതിയെ (fallen state of human race) നിന്റെ കാരുണ്യത്താൽ മഹത്വമണിയീച്ചു". ഇതെല്ലാം ചെയ്തത് "നിനക്കുണ്ടായിരുന്ന മഹത്വത്തിൽ ഞങ്ങളെ പങ്കുചേർക്കുവാനാണ്". അത് ആദിപാപത്തിനു മുൻപുണ്ടായിരുന്ന മനുഷ്യന്റെ "ദൈവഛായയും സാദൃശ്യവുമാണ്". പാപം മൂലം സാദൃശ്യം നഷ്ടമായി.

കർത്താവിന്റെ വിവാഹമാണ് ഗാഗുൽത്തായിലെ ബലി എന്നു സഭാപിതാക്കന്മാർ പഠിപ്പിയ്ക്കുന്നു. ഈ വിവാഹത്തിന്റെ വിരുന്നായി പെസഹായേയും. മനസ്സമ്മതം നടക്കുന്നത് യോർദ്ദാനിലാണ്, മാമോദീസായിൽ. അങ്ങനെ രക്ഷാകരപ്രവൃത്തികൾ ദൈവശാസ്ത്രവീക്ഷണത്തിൽ അഭേദ്യമായ ബന്ധമുള്ളവയാണ്.

കർത്താവിന്റെ മരണം (1 കോറി 11:26) അവനെ ഉയർപ്പിനോടു ചേർത്തല്ലാതെ എങ്ങനെ ഓർക്കും. അവന്റെ പീഠാനുഭവത്തോടു ചേർന്നലാതെ എങ്ങനെ ഓർക്കും. മെസ്രേനിലെ അടിമത്തത്തിൽ നിന്ന് വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്കുള്ള കടന്നുപോക്കൽ (പെസഹാ) പോലെ പാപത്തിന്റെ അടിമത്തിൽ നിന്ന് രക്ഷയുടെ നാട്ടിലേയ്ക്കുള്ള മനുഷ്യവംശത്തിന്റെ കടന്നുപോകലാണ് പുതിയ നിയമ പെസഹാ. അതു കർത്താവിൽ നമ്മുക്കു കരഗതമാവുന്ന രക്ഷയുടെ ഓർമ്മയാണ്.

"ഓർമ്മ" എങ്ങനെ ദൈവാരാധനയിൽ "യാഥാർത്ഥ്യം" ആവുന്നു എന്നത് മുൻപു പറഞ്ഞിട്ടുണ്ട്.

No comments:

Post a Comment